ഇന്ത്യ, ആസ്ട്രേലിയ വനിത ടീമുകൾ തമ്മിൽ ടെസ്റ്റ് ക്രിക്കറ്റ്; ജയിച്ചാലേ ചരിത്രം
മുംബൈ: ഇന്ത്യ, ആസ്ട്രേലിയ വനിത ടീമുകൾ തമ്മിൽ ടെസ്റ്റ് ക്രിക്കറ്റ് ബന്ധം തുടങ്ങിയിട്ട് അര നൂറ്റാണ്ടിനോടടുക്കുന്നു. ഇതിനിടയിൽ പത്ത് മത്സരങ്ങളാണ് കളിച്ചത്.
നാലെണ്ണത്തിൽ ആസ്ട്രേലിയ ജയിച്ചപ്പോൾ ബാക്കി ആറും സമനിലയിൽ കലാശിച്ചു. ഇന്ത്യ നാട്ടിലോ മറുനാട്ടിലോ ഓസീസ് വനിത ടീമിനെ ഒരു ടെസ്റ്റ് പോലും ജയിച്ചിട്ടില്ലെന്നർഥം.
ഇന്നുമുതൽ നാല് നാൾ വാംഖഡെ സ്റ്റേഡിയത്തിൽ ഇരു ടീമും ഏറ്റുമുട്ടുകയാണ്. കഴിഞ്ഞയാഴ്ച ഇംഗ്ലണ്ടിനെ ലോക റെക്കോഡ് മാർജിനിൽ തോൽപിച്ച ആതിഥേയർക്ക് ആസ്ട്രേലിയക്കെതിരായ ചെറിയ ജയം പോലും ചരിത്രമാകും.
ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര നഷ്ടമായ ക്ഷീണത്തിൽ ഇറങ്ങിയ ഇന്ത്യ ഏക ടെസ്റ്റ് പിടിച്ചടക്കിയത് 347 റൺസിന്. ഒന്നാം ഇന്നിങ്സിൽ 400നുമുകളിൽ സ്കോർ ചെയ്ത് മികവ് കാട്ടി ബാറ്റർമാർ. പിന്നാലെ രണ്ട് ഇന്നിങ്സിലും ഇംഗ്ലീഷുകാരികളെ 150നുള്ളിൽ ചുരുട്ടിക്കെട്ടി. ബൗളർമാരിൽ സ്പിന്നർ ദീപ്തി ശർമയുടെ പ്രകടനം എടുത്തുപറയണം. മത്സരത്തിനിടെ പരിക്കേറ്റ ബാറ്റർ ശുഭ സതീഷിന്റെ സേവനം ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ലഭിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. മെഗ് ലാനിങ് കളംവിട്ടതോടെ ആസ്ട്രേലിയയുടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത അലീസ ഹീലി തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് എത്തിയിരിക്കുന്നത്. ടെസ്റ്റിനുശേഷം ഇരു ടീമും തമ്മിൽ ഏകദിന പരമ്പരയുമുണ്ട്.