അറബിക്കടലില്‍ കപ്പലുകള്‍ക്കു നേരെ ഡ്രോണ്‍ ആക്രമണം; മൂന്ന് യുദ്ധക്കപ്പലുകള്‍ വിന്യസിച്ച് ഇന്ത്യ

അറബിക്കടലില്‍ ചരക്കു കപ്പലുകള്‍ക്കു നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ മേഖലയില്‍ മൂന്ന് യുദ്ധക്കപ്പലുകള്‍ വിന്യസിച്ച് ഇന്ത്യന്‍ നാവികസേന. ഐഎന്‍സഎ മൊര്‍മുഗോ, ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് കൊല്‍ക്കത്ത എന്നീ യുദ്ധക്കപ്പലുകളാണ് പ്രതിരോധത്തിന്റെ ഭാഗമായി രംഗത്തെത്തിയത്. പി-8ഐ ലോങ്‌റേഞ്ച് പട്രോള്‍ എയര്‍ക്രാഫ്റ്റ് നിരീക്ഷണത്തിനായും വിന്യസിച്ചിട്ടുണ്ട്.

അറബിക്കടലില്‍ ഗുജറാത്തിനു സമീപം എംവി കെം പ്ലൂട്ടോ എന്ന ചരക്കു കപ്പലിനു നേരെയാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്ന് യുഎസ് ആരോപിച്ചിരുന്നു. എന്നാല്‍ ഇറാന്‍ ഇതു നിഷേധിച്ചു. മുംബൈയില്‍ എത്തിച്ച എംവി കെം പ്ലൂട്ടോയില്‍ നാവികസേനയുടെ വിദഗ്ധ സംഘം പരിശോധന നടത്തി. ഡ്രോണ്‍ ആക്രമണം ആണ് ഉണ്ടായതെന്നാണു സംഘത്തിന്റെ കണ്ടെത്തല്‍. കപ്പലിന്റെ പിന്‍ഭാഗത്താണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്. തകര്‍ന്ന ഭാഗങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവന്നു

ശനിയാഴ്ച 25 ഇന്ത്യന്‍ നാവികരടങ്ങിയ, ഗാബണില്‍ റജിസ്റ്റര്‍ ചെയ്ത എംവി സായിബാബ എന്ന ടാങ്കറിനു നേരെയും ആക്രമണമുണ്ടായിരുന്നു. ഗാബണില്‍ റജിസ്റ്റര്‍ ചെയ്തതെങ്കിലും ഇന്ത്യന്‍ അധീനതയിലുളള കപ്പലാണ് എംവി സായിബാബ ടാങ്കറിനു ചെറിയ കേടുപാടുകളുണ്ടായെങ്കിലും ആളപായമുണ്ടായിരുന്നില്ല. നോര്‍വേയില്‍ റജിസ്റ്റര്‍ ചെയ്ത എംവി ബ്ലാമാനെന്‍ എന്ന ഓയില്‍ ടാങ്കറിനു നേരെ വിഫലമായ ആക്രമണമുണ്ടായതിനു ശേഷമാണ് എംവി സായിബാബയ്ക്കു നേരെ ആക്രമണം. ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരാണ് ആക്രമണത്തിനു പിന്നിലെന്നു യുഎസ് ആരോപിച്ചു.

അതേസമയം, എണ്ണക്കപ്പലിനു സമീപം പതിച്ചത് യുഎസ് മിസൈല്‍ ആണെന്ന് ഹൂതി വിമതര്‍ ആരോപിച്ചു. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതര്‍ ചെങ്കടലിലും അറബിക്കടലിലും കപ്പലുകള്‍ ആക്രമിക്കുന്നതെന്നാണു റിപ്പോര്‍ട്ട്.

ഗുജറാത്തിലെ വെരാവൽ തീരത്തുനിന്ന് 200 നോട്ടിക്കൽ മൈൽ ദൂരെവച്ച് കഴിഞ്ഞ ദിവസം രാവിലെ 10 നു ശേഷമാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ കപ്പലിന്റെ പിൻഭാഗത്തു സ്ഫോടനമുണ്ടായി. റോപ് ലോക്കറിൽ തീപടർന്നു. കപ്പലിൽ ചെറിയ തോതിൽ വെള്ളം കയറി. അപായ സന്ദേശം ലഭിച്ചതിനു പിന്നാലെ നാവികസേനയുടെ നിരീക്ഷണവിമാനം കപ്പലിനു സമീപമെത്തി. ഇന്ത്യൻ കോസ്റ്റ്ഗാർഡിന്റെ ഐസിജിഎസ് വിക്രവും നാവികസേനയുടെ യുദ്ധക്കപ്പലും സംഭവസ്ഥലത്തെത്തി. സമീപമേഖലയിലൂടെ പോകുന്ന കപ്പലുകൾ ജാഗ്രത പാലിക്കണമെന്ന് സംഭവം റിപ്പോർട്ട് ചെയ്ത ബ്രിട്ടിഷ് മാരിടൈം ഏജൻസിയായ യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) മുന്നറിയിപ്പ് നൽകി.

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ ഇന്ത്യൻതീരത്തുനിന്ന് യുഎസിലേക്കുള്ള 2 ചരക്കുകപ്പലുകൾ ചെങ്കടൽ ഒഴിവാക്കി ആഫ്രിക്കൻ മുനമ്പിലൂടെ തിരിച്ചുവിട്ടു. കഴിഞ്ഞ 2 മാസത്തിനിടെ ചെങ്കടലിൽ ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലുകൾക്കുനേരെ ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതികളുടെ ഡ്രോൺ ആക്രമണം വർധിച്ചിട്ടുണ്ട്.

ഗാസയിലെ ഇസ്രയേൽ ആക്രമണം നിർത്തും വരെ കപ്പലുകൾ ആക്രമിക്കുമെന്നാണു ഹൂതികളുടെ പ്രഖ്യാപനം. ഇതോടെ പ്രധാന വ്യാപാരപാതയായ ചെങ്കടലിലൂടെയുള്ള യാത്ര പല ചരക്കുകപ്പലുകളും ഒഴിവാക്കാൻ തുടങ്ങിയിട്ടുണ്ട്. ചെങ്കടലിൽനിന്ന് മാറി ആദ്യമായാണ് ഇത്തരമൊരു ആക്രമണമുണ്ടാകുന്നത്.

ചെങ്കടലിലെ ഹൂതി ആക്രമണം മൂലം ഇന്ത്യൻ സമുദ്രത്തിൽ നിന്ന് പടിഞ്ഞാറൻ യൂറോപ്പിലേക്കും തിരിച്ചും ചരക്കുകളുമായി നീങ്ങുന്ന കപ്പലുകളുടെ പ്രധാനമാർഗമാണ് ഭീഷണിയിലായത്. വർഷം പതിനേഴായിരത്തിലധികം കപ്പലുകൾ നീങ്ങുന്ന ഈ സമുദ്രപാതയിലൂടെയാണു ലോകവ്യാപാരത്തിന്റെ 12%. ചെങ്കടലിലെ ആക്രമണത്തെത്തുടർന്ന് വൻകിട കമ്പനികൾ കപ്പലുകൾ ആഫ്രിക്കൻ വൻകര ചുറ്റിയാണ് അയയ്ക്കുന്നത്. ഈ റൂട്ടിൽ സഞ്ചരിക്കാൻ 9 ദിവസം കൂടുതൽ വേണം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story