സജി ചെറിയാന്റേത് നാക്കുപിഴയല്ല, വിശേഷണമാണ്; അതൃപ്തി ഉണ്ടെങ്കിൽ പരിശോധിക്കും- എംവി ഗോവിന്ദൻ

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ബിഷപ്പുമാർക്കെതിരേയുള്ള പരാമർശത്തിൽ അതൃപ്തി ഉണ്ടെങ്കിൽ പാർട്ടി പരിശോധിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രധാനമന്ത്രി ബിഷപ്പുമാരുമായി…

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ബിഷപ്പുമാർക്കെതിരേയുള്ള പരാമർശത്തിൽ അതൃപ്തി ഉണ്ടെങ്കിൽ പാർട്ടി പരിശോധിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രധാനമന്ത്രി ബിഷപ്പുമാരുമായി ആശയവിനിമയം നടത്തുന്നതിന്റെ ഭൗതിക പശ്ചാത്തലം എന്തായിരുന്നു എന്നത് സൂചിപ്പിക്കേണ്ടത് ആവശ്യമായിരുന്നുവെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

പ്രധാനമന്ത്രിയെ കണ്ട ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായി എന്ന മന്ത്രി സജി ചെറിയാന്റെ പരാമർശം പാർട്ടിക്കുമുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്; പാർട്ടിക്കുണ്ടെങ്കിൽ പാർട്ടി അഖിലേന്ത്യ ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി പ്രഖ്യാപിക്കും. ഓരോരുത്തർ പ്രസംഗിക്കുമ്പോൾ പറയുന്ന പ്രയോഗങ്ങളുണ്ട്. അത് പർവതീകരിച്ച് ചർച്ചയിലേക്ക് പോകേണ്ട ആവശ്യമില്ല. നാക്കുപിഴ എന്ന് പറയാൻ സാധിക്കില്ല. വിശേഷണങ്ങളാണ്. മറുപടി പറയേണ്ടതുണ്ടെങ്കിൽ ഇടതുമുന്നണി തന്നെ പറയും. ബിഷപ്പുമാരുൾപ്പെടെ ആർക്കെങ്കിലും വല്ല രീതിയിലും പ്രയാസം ഉണ്ടായിട്ടുണ്ടെങ്കിൽ ആ പദം ഉൾപ്പെടെയുള്ള കാര്യങ്ങളെ സംബന്ധിച്ച് ആവശ്യമായ പരിശോധന നടത്താം- എം.വി. ഗോവിന്ദൻ പറഞ്ഞു.

മണിപ്പൂരിൽ പള്ളികർ തകർത്തുകൊണ്ടിരിക്കുന്നു. ക്രിസ്തീയ വിശ്വാസികളായിട്ടുള്ളവർക്ക് ജീവിക്കാനാവാത്ത സാഹചര്യം സൃഷ്ടിക്കുന്നു. കൂട്ട ബലാത്സംഗത്തിനിരയാക്കി സ്ത്രീകളെ നഗ്നരായി കൊണ്ടുപോകുന്നു. അങ്ങനെയുള്ള സന്ദർഭത്തിലാണ്, എന്തേ പ്രധാനമന്ത്രി മണിപ്പൂരിലേക്ക് പോകുന്നില്ല, എന്തുകൊണ്ട് ആശ്വസിപ്പിക്കുന്നില്ല എന്ന സ്വാഭാവിക ചോദ്യം ഉയരുന്നത്- അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂരിനെതിരേയുള്ള ഗവർണറുടെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന്; ഗവർണറുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് ശുദ്ധ അസംബന്ധ പ്രഖ്യാപനമെന്നായിരുന്നു മറുപടി. കണ്ണൂർ പോലൊരു ജില്ലയെ അപമാനിക്കുന്നതിന് വേണ്ടിയിട്ടുള്ള ബോധപൂർവ്വമായ പ്രവർത്തനമാണ് ഗവർണറുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. അദ്ദേഹം സംഘപരിവാറിന്റെ അജണ്ട കൈകാര്യം ചെയ്യുന്ന ആളാണെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.

സജി ചെറിയാന്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കും വരെ സര്‍ക്കാരുമായി സഹകരിക്കില്ല എന്നാണ് ക്ലിമ്മിസ് ബാവ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് സിപിഎമ്മിന്റെ ഭാഗത്തുനിന്ന് പ്രതികരണം വന്നത്.
Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story