‘പിണറായി സൂര്യനെപ്പോലെ; അടുത്ത് എത്തിയാല്‍ കരിഞ്ഞുപോകും’; എംവി ഗോവിന്ദന്‍

‘പിണറായി സൂര്യനെപ്പോലെ; അടുത്ത് എത്തിയാല്‍ കരിഞ്ഞുപോകും’; എംവി ഗോവിന്ദന്‍

January 5, 2024 0 By Editor

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സൂര്യനെപ്പോലെയാണെന്നും അടുത്ത് എത്തിയാല്‍ കരിഞ്ഞുപോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സ്വര്‍ണക്കള്ളക്കടത്തുകേസുമായി ബന്ധപ്പെട്ട് അസംബ്ലി തെരഞ്ഞെടുപ്പിന് മുന്‍പ് ഏഴോളം അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചിട്ടും മുഖ്യമന്ത്രിയിലേക്ക് എത്താന്‍ ഒരു വഴിയും ഉണ്ടായിരുന്നില്ല. പരിശുദ്ധമായ ഒരു രാഷ്ട്രീയത്തിന്റെ കറപുരളാത്ത കൈയുടെ ഉടമയാണ് കേരളത്തിന്റെ മുഖ്യമന്ത്രി. പിണറായിയെ കേസില്‍ കുടുക്കാന്‍ ബിജെപിയും യുഡിഎഫും ആഗ്രഹിക്കാഞ്ഞാട്ടല്ല, പക്ഷെ ആഗ്രഹിച്ചാലും എത്താനാവാത്ത അത്രയും ദൂരത്താണ്; സൂര്യനെ പോലെ. അദ്ദേഹത്തിനടുത്തേക്ക് അടുക്കാന്‍ പോലും കഴിയില്ല. അടുത്തുപോയാല്‍  കരിഞ്ഞുപോകുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

സ്വര്‍ണക്കള്ളക്കടത്തിന്റെ ഓഫീസ് ഇവിടെയാണെന്നാണ് മോദി പറഞ്ഞത്. അതിന് പിന്നാലെയാണിപ്പോള്‍ മാധ്യമങ്ങള്‍. ആരാണ് നടപടി എടുക്കേണ്ടത്. കേരളത്തിലും വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണക്കള്ളക്കടത്ത് തടയേണ്ടത് കേന്ദ്രമല്ലേ.വിമാനത്താവളങ്ങള്‍ കേന്ദ്രത്തിന്റെ പരിധിയിലല്ലേ. ആ അധികാരം ഉണ്ടായിട്ടും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചിട്ടും എന്തേ നടപടി എടുക്കാത്തത്.അന്വേഷണ ഏജന്‍സികളുടെ തലവന്‍ മോദിയല്ലേ. അത് മറച്ചുവെച്ച് ആളെ പറ്റിക്കാന്‍ പൈങ്കിളി സ്‌റ്റൈലില്‍ ഓരോന്ന് പറയുകയാണ്.

മണിപ്പുരില്‍ സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കി നഗ്‌നരാക്കി തെരുവില്‍ വലിച്ചിഴച്ചപ്പോള്‍ ഒരക്ഷരം മിണ്ടാത്ത പ്രധാനമന്ത്രി മോദിയാണ് തൃശൂരില്‍ വന്ന് സ്ത്രീശാക്തീകരണത്തെ പറ്റി പ്രസംഗിക്കുന്നത്. പ്രധാനമന്ത്രിയായല്ല ; ബിജെപി നേതാവായാണ് മോദി തൃശൂരില്‍ വന്നത്. സ്ത്രീശാക്തീകരണത്തെ കുറിച്ച് പറയുമ്പോള്‍ 45 ലക്ഷം സ്ത്രീകള്‍ ആത്മാഭിമാനത്തോടെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ കുടുംബശ്രീയെ പറ്റി മോദി മിണ്ടിയില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

വനിതാ സംവരണ ബില്‍ പാസാക്കുമെന്നാണ് പറയുന്നത്. എന്നിട്ടെന്താ 2024ലെ തെരഞ്ഞെടുപ്പിന് മുമ്പ് ബില്‍ പാസാക്കാത്തത്?. സെന്‍സസ് തിയതിപോലും പ്രഖ്യാപിക്കാത്തത്?. ജാതിസെന്‍സസ് നടത്തണമോയെന്ന് തീരുമാനിക്കാത്തത്?. മതനിരപേക്ഷ സര്‍ക്കാര്‍ ഒരു മതകാര്യങ്ങളിലും ഇടപെടരുതെന്നാണ്. വ്യക്തികള്‍ക്ക് വിശ്വാസിയോ അവിശ്വാസിയോ ആകാം . എന്നാല്‍ ഇവിടെ ഭരണകൂടം തന്നെ നേരിട്ട് ഇടപെടും വിധമാണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നടത്തുവാന്‍ ഒരുങ്ങുന്നത്. അത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള അജണ്ടയാണ്. ബാബറി മസ്ജിദ് തകര്‍ത്ത സ്ഥലത്തു പണിയുന്ന ക്ഷേത്രത്തിന്റെ ഉദ്ഘാടനം ഉടനെ നടത്തുന്നത് ഒരു തെരഞ്ഞെടുപ്പ് അജണ്ടയാണ്. എന്നാല്‍ ആ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ല എന്ന നിലപാട് സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് ഇപ്പോഴും ഒരുനിലപാടില്‍ എത്തിയിട്ടില്ല. എന്നാല്‍ ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് മുഖ്യമന്ത്രി ക്ഷണിച്ചില്ലെങ്കിലും പങ്കെടുക്കും എന്ന് പറയുന്നു. ഹിന്ദുത്വവത്കരണത്തെ പ്രതിരോധിക്കാന്‍ ഇപ്പോളും കോണ്‍ഗ്രസിന് കഴിയുന്നില്ല. മൃദുഹിന്ദുത്വ നയങ്ങള്‍ പാലിച്ച് ഹിന്ദുത്വ വര്‍ഗീയതയെ ചെറുക്കാന്‍ കഴിയില്ലെന്ന് അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ചൂണ്ടികാണിച്ചിട്ടും ആ പാഠം ഉള്‍കൊള്ളാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു