ഇന്ത്യൻ നാവികരെ മോചിപ്പിക്കാൻ നരേന്ദ്ര മോദി ഷാറുഖ് ഖാന്റെ സഹായം തേടിയെന്ന സുബ്രഹ്മണ്യൻ സ്വാമിയുടെ വാദം തെറ്റ് ; ഇടപെടൽ നടത്തിയിട്ടില്ലെന്നു വ്യക്തമാക്കി ഷാറുഖ് ഖാൻ
മുംബൈ∙ ഖത്തറിൽ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുൻ ഇന്ത്യൻ നാവികരെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇടപെടൽ നടത്തിയിട്ടില്ലെന്നു വ്യക്തമാക്കി ബോളിവുഡ് താരം ഷാറുഖ് ഖാൻ. മുൻനാവികരെ ജയിലിൽനിന്നു മോചിപ്പിക്കാൻ…
മുംബൈ∙ ഖത്തറിൽ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുൻ ഇന്ത്യൻ നാവികരെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇടപെടൽ നടത്തിയിട്ടില്ലെന്നു വ്യക്തമാക്കി ബോളിവുഡ് താരം ഷാറുഖ് ഖാൻ. മുൻനാവികരെ ജയിലിൽനിന്നു മോചിപ്പിക്കാൻ…
മുംബൈ∙ ഖത്തറിൽ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുൻ ഇന്ത്യൻ നാവികരെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇടപെടൽ നടത്തിയിട്ടില്ലെന്നു വ്യക്തമാക്കി ബോളിവുഡ് താരം ഷാറുഖ് ഖാൻ. മുൻനാവികരെ ജയിലിൽനിന്നു മോചിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാറുഖ് ഖാന്റെ സഹായം തേടിയെന്നു ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചിരുന്നു. എന്നാൽ ഈ വാദങ്ങൾ തള്ളി വിഷയത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ടീം എസ്ആർകെ. ഷാറുഖ് ഖാന്റെ മാനേജർ പൂജ ദാദൽനിയാണ് ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവച്ചത്.
മുൻ ഇന്ത്യൻ നാവികരെ തിരികെ എത്തിച്ചതിൽ ഷാറുഖ് ഖാന് പങ്കാളിത്തമില്ലെന്നും അതിനു പിന്നിലുള്ളത് ഇന്ത്യൻ ഗവൺമെന്റ് ഉദ്യോഗസ്ഥരാണെന്നും ടീം എസ്ആർകെ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. നയതന്ത്ര വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് സമർഥരായ നേതാക്കളാണ്. മുൻ ഇന്ത്യൻ നാവികർ സുരക്ഷിതരായി തിരികെ എത്തിയതിൽ ഏതൊരു ഇന്ത്യക്കാരനെയും പോലെ ഷാറുഖ് ഖാനും സന്തോഷമുണ്ട്. അവർക്ക് എല്ലാ ആശംസകളും നേരുന്നതായും കുറിപ്പിൽ പറയുന്നുണ്ട്.
സുബ്രഹ്മണ്യൻ സ്വാമിയുടെ കുറിപ്പ് ഇങ്ങനെ: വിദേശകാര്യ മന്ത്രാലയവും ദേശീയ സുരക്ഷാ ഏജന്‍സിയും ഖത്തര്‍ ഷെയ്ഖുമാരില്‍ സ്വാധീനം ചെലുത്തുന്നതില്‍ പരാജയപ്പെട്ടപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാറുഖ് ഖാനോടു വിഷയത്തിൽ ഇടപെടാൻ അപേക്ഷിച്ചു. തുടർന്നു വിലയേറിയ ഒത്തുതീര്‍പ്പിലൂടെ നാവികരെ മോചിപ്പിക്കുകയായിരുന്നു. അതിനാൽ പ്രധാനമന്ത്രിയുടെ ഖത്തർ സന്ദർശനത്തിൽ ഷാറുഖ് ഖാനെയും കൂട്ടണം.
പ്രധാനമന്ത്രിയുടെ എക്സിലെ പോസ്റ്റിന് താഴെയാണ് സുബ്രഹ്‌മണ്യന്‍ സ്വാമി ഇങ്ങനെ കുറിച്ചത്.