സിദ്ധാർഥന്റെ മരണം: സര്‍വകലാശാല ഡീനിനെയും അസി. വാർഡനെയും സസ്‌പെന്‍ഡ് ചെയ്ത് വൈസ് ചാന്‍സലര്‍

വയനാട്∙ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല ഡീനിനെയും ട്യൂട്ടറെയും സസ്‌പെന്‍ഡ് ചെയ്ത് വൈസ് ചാന്‍സലര്‍. കോളജ് ഡീൻ എം.കെ.നാരായണനും അസിസ്റ്റന്റ് വാർഡൻ ഡോ.കാന്തനാഥനും കാരണം കാണിക്കൽ നോട്ടീസിനു നൽകിയ മറുപടി വൈസ് ചാന്‍സലര്‍ തള്ളിയിരുന്നു. എല്ലാം നിയമപ്രകാരം ചെയ്തെന്നായിരുന്നു വിസിക്ക് നൽകിയ വിശദീകരണം. ഇത് തൃപ്തികരമല്ലാത്തതിനാലാണ് സസ്‍പെൻഷൻ. അതേസമയം സസ്‌പെൻഷൻ പോരെന്നും ഡീനിനെ കേസിൽ പ്രതി ചേർക്കണമെന്നും സിദ്ധാർഥന്റെ പിതാവും യൂത്ത് കോൺഗ്രസും ആവശ്യപ്പെട്ടു.

പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾക്ക് നേരിട്ടുപോയെന്നും അതിനുശേഷം ഹോസ്റ്റൽ വിദ്യാർഥികളുമായി സംസാരിച്ചെന്നും എം.കെ.നാരായണനും കാന്തനാഥനും മറുപടിയിൽ പറയുന്നുണ്ട്.

കഴിഞ്ഞ മാസം 18 നാണു ഹോസ്റ്റലിലെ ശുചിമുറിയിൽ ജീവനൊടുക്കിയ നിലയിൽ സിദ്ധാർഥിനെ കണ്ടെത്തിയത്. ഫെബ്രുവരി 14ന്, കോളജിലെ പരിപാടിക്കിടെ പെൺകുട്ടിയോട് ഇഷ്ടം തുറന്നുപറഞ്ഞെന്ന പേരിൽ സിദ്ധാർഥനെ ഗ്രൗണ്ടിൽ സീനിയർ വിദ്യാർഥികൾ സംഘം ചേർന്നു ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്തെന്നാണ് വിദ്യാർഥികൾ പറയുന്നത്. 14 മുതൽ 18ന് ഉച്ച വരെ സിദ്ധാർഥൻ ക്രൂര മർദനത്തിനിരയായെന്നു ദൃക്സാക്ഷിയായ വിദ്യാർഥി പറയുന്നു. ഹോസ്റ്റലിലെ 130 വിദ്യാർഥികളുടെ മുന്നിൽ നഗ്നനാക്കിയായിരുന്നു മർദനം.

കേസിൽ പ്രതികളായ 18 പേരെയും അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചനക്കുറ്റവും പൊലീസ് ചുമത്തി. വീട്ടിലേക്കു പോയ സിദ്ധാർഥനെ കൃത്യമായ ആസൂത്രണത്തിനൊടുവിൽ പൂക്കോട് ക്യാംപസിലേക്കു വിളിച്ചുവരുത്തിയതിനടക്കം തെളിവു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കുറഞ്ഞതു 2 വർഷം വരെ തടവുശിക്ഷ കിട്ടിയേക്കാവുന്ന വകുപ്പു ചുമത്തിയത്. കൊലപാതകമെന്നു തെളിഞ്ഞാൽ പ്രതികൾക്കു ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാം. ആത്മഹത്യാപ്രേരണ, റാഗിങ്, ഗുരുതരമായി മുറിവേൽപിക്കൽ, ആയുധങ്ങൾ ഉപയോഗിച്ചു മുറിവേൽപിക്കൽ, അന്യായമായി തട‍ഞ്ഞുവയ്ക്കൽ എന്നീ വകുപ്പുകളാണു നേരത്തേ ചുമത്തിയിരുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story