സംഘപരിവാർ അജണ്ടയും കോൺഗ്രസിന്റെ ഇരട്ടത്താപ്പും ജനം തിരിച്ചറിയും: എളമരം കരീം

സംഘപരിവാർ അജണ്ടയും കോൺഗ്രസിന്റെ ഇരട്ടത്താപ്പും ജനം തിരിച്ചറിയും: എളമരം കരീം

March 13, 2024 0 By Editor

കോഴിക്കോട് : പൗരത്വ ഭേദഗതി നിയമം രാജ്യത്തെ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ആർ.എസ്.എസ് അജണ്ടയുടെ ഭാഗമാണെന്ന് കോഴിക്കോട് പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീം. ഇക്കാര്യത്തിൽ കോൺഗ്രസിന് അയഞ്ഞ സമീപനമാണ്. വർഗീയ വിഭജനം ഉണ്ടാക്കി തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്ര സർക്കാർ. പൗരത്വം നിർണയിക്കാനുള്ള അടിസ്ഥാനം മതമാക്കുന്നത് രാജ്യത്തിനേറ്റ കളങ്കമാണ്. ഇത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും കരീം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പാർലമെന്റിൽ ഈ ബില്ല് പാസായ ഘട്ടത്തിൽ രാജ്യത്താകമാനം പ്രതിഷേധം ശക്തമായിരുന്നു. രാജ്യത്തെ മുസ്ലീം മത വിഭാഗത്തിനിടയിൽ അരക്ഷിതബോധം സൃഷ്ടിക്കുകയെന്ന ആർ.എസ്.എസ് അജണ്ടയാണ് പൗരത്വ ഭേഗഗതി നിയമത്തിന്റെ ആധാരം. ബില്ല് അവതരിപ്പിച്ചപ്പോൾ ശക്തമായ പ്രതിഷേധമാണ് പാർലമെന്റിൽ ഇടതുപക്ഷം ഉയർത്തിക്കൊണ്ടുവന്നത്.

മുഴുവൻ പ്രതിപക്ഷ പാർട്ടികളെയും കൂട്ടിയോജിപ്പിച്ചുകൊണ്ട് ബില്ലിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ നേതൃപരമായ ഇടപെടലാണ് ഇടതുപക്ഷം നടത്തിയത്. വിഷയത്തിൽ കോൺഗ്രസിന്റെ ഇരട്ടത്താപ്പ് ചർച്ച ചെയ്യപ്പെടേണ്ടതാണ്. രാജ്യസഭയിൽ ഇടത് എം.പിമാരാണ് സജീവമായി ബില്ലിനെ എതിർത്തുകൊണ്ട് ചർച്ചയിൽ പങ്കെടുക്കുകയും ഭേദഗതികൾ നിർദ്ദേശിക്കുകയും വോട്ടെടുപ്പ് ആവശ്യപ്പെടുകയും ചെയ്തത്. എണ്ണത്തിൽ കുറവാണെങ്കിലും മുഴുവൻ ഇടതുപക്ഷ എം. പിമാരും സഭയിൽ വന്ന് ബില്ലിനെതിരെ വോട്ട് ചെയ്തു.

എണ്ണത്തിൽ കൂടുതലുള്ള കോൺഗ്രസ് എം.പിമാരിൽ പലരും സഭയിൽ ഹാജരാവുക പോലും ചെയ്തില്ല. ലോക് സഭയിലും കോൺഗ്രസ് ഇടപെടൽ ദയനീയമായിരുന്നു. കോൺഗ്രസ് കാണിച്ച ഈ വഞ്ചന കേരളത്തിലെ പ്രബുദ്ധരായ ജനത തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. എ. പ്രദീപ് കുമാർ, കെ.പി. അനിൽകുമാർ എന്നിവരും പങ്കെടുത്തു.