ഏഷ്യൻ കപ്പ് യോഗ്യത നേടി ഖത്തർ
ദോഹ: തുടർച്ചയായി രണ്ടാംതവണയും ഏഷ്യൻ കപ്പിൽ മുത്തമിട്ടതിന്റെ ആവേശമണയും മുമ്പേ ഖത്തറിന് അടുത്ത ടൂർണമെന്റിന് യോഗ്യതയും സ്വന്തമായി. ലോകകപ്പ് 2026, ഏഷ്യൻ കപ്പ് 2027 യോഗ്യത റൗണ്ടിലെ നാലാം അങ്കത്തിൽ കുവൈത്തിനെ 2-1ന് തോൽപിച്ചാണ് ഖത്തർ വൻകരയുടെ അങ്കത്തിന് യോഗ്യത നേടിയത്.
ഗ്രൂപ് ‘എ’യിൽ ഇനിയും രണ്ട് മത്സരം ബാക്കിനിൽക്കെയാണ് ഖത്തർ നാല് ജയവുമായി 12 പോയന്റ് സ്വന്തമാക്കി ഏഷ്യൻ കപ്പിലേക്ക് നേരത്തേതന്നെ യോഗ്യത ഉറപ്പിച്ചത്. 2019, 2023 ചാമ്പ്യന്മാരായ ഖത്തർ തുടർച്ചയായി എട്ടാം തവണയാണ് യോഗ്യത നേടുന്നത്.
മാർച്ച് 21ന് ദോഹയിൽ നടന്ന മത്സരത്തിൽ 3-0ത്തിന് ജയിച്ചതിനു പിന്നാലെയാണ്, ഖത്തറും കുവൈത്തും വീണ്ടും ഏറ്റുമുട്ടിയത്. കുവൈത്തിലെ ഫർവാനിയയിൽ നടന്ന മത്സരത്തിൽ 2-1നായിരുന്നു ഖത്തറിന്റെ ജയം.
ഗോൾ രഹിതമായ ഒന്നാം പകുതിക്കു ശേഷം, നാലു മിനിറ്റിനുള്ളിൽ ഇരു ടീമുകളും മൂന്ന് ഗോളുകളുടെ നേട്ടം കളിയെ ആവേശമാക്കി. 77, 80 മിനിറ്റിൽ ഖത്തറിൽ സൂപ്പർതാരം അൽ മുഈസ് അലി സ്കോർ ചെയ്തപ്പോൾ, 79ാം മിനിറ്റിൽ മുഹമ്മദ് ദഹം കുവൈത്തിനായി സ്കോർ ചെയ്തു. വലതു കോർണറിൽ നിന്നും ഓടിയെത്തിയ അക്രം അഫീഫ് ബോക്സിനുള്ളിൽ നൽകിയ ലോങ് ക്രോസായിരുന്നു അൽ മുഈസ് അലി ആദ്യ ഗോളാക്കി മാറ്റിയത്. ദീർഘനേരം പിടിച്ചു നിന്ന ശേഷം, ആദ്യ ഗോൾ വഴങ്ങിയതിന് അടുത്ത മിനിറ്റിൽ തന്നെ കുവൈത്ത് മറുപടി നൽകി.
കോർണറിൽ നിന്നുമെത്തിയ ക്രോസ് ഹെഡ് ചെയ്തായിരുന്നു ദഹം വലയിലെത്തിച്ചത്. രണ്ടു മിനിറ്റിനുള്ളിൽ ജാസിം ജാബിറിന്റെ ലോങ് ക്രോസിനെ ഗോളാക്കി അൽമുഈസ് ഖത്തറിന്റെ വിജയമൊരുക്കി. ഇതോടെ ലോകകപ്പ് യോഗ്യതക്കായുള്ള മൂന്നാം റൗണ്ടിലേക്കും ഖത്തർ ഇടം നേടി. ഗ്രൂപ് റൗണ്ടിൽ ജൂൺ ആറിന് അഫ്ഗാനെയും 11ന് ഇന്ത്യയെയും ഖത്തർ നേരിടും.