ശ്രീലക്ഷ്മിയുടെ സ്വപ്നങ്ങള്‍ക്ക് മണപ്പുറം തറക്കല്ലിട്ടു

വലപ്പാട് : പ്രതീക്ഷകള്‍ തകര്‍ന്നെന്ന് കരുതുന്ന ജീവിതങ്ങളില്‍ നിറചാര്‍ത്ത് അണിയിക്കുന്നതോളം മഹത്തരമായ മറ്റൊന്നില്ല. വീടിനൊപ്പം സ്വപ്നങ്ങളും ഒലിച്ചുപോയ ആ മഹാപ്രളയത്തിന്റെ നശിച്ച ഓര്‍മകളെ മായ്ക്കാന്‍ കോതകുളം ബീച്ച് റോഡിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മിയ്ക്ക് കൂട്ടായി മണപ്പുറം ഫൗണ്ടേഷന്‍ അണിചേര്‍ന്നു.

ശ്രീലക്ഷ്മിക്കും കുടുംബത്തിനും മണപ്പുറം ഫൗണ്ടേഷന്‍ നിര്‍മിച്ചുനല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ നടന്നു. പ്രളയത്തെ തുടര്‍ന്ന് വീട് നഷ്ടമായ ശ്രീലക്ഷ്മിയുടെ കുടുംബത്തിന്റെ അവസ്ഥ മാധ്യമങ്ങളില്‍ വര്‍ത്തയായതിനെ തുടര്‍ന്നാണ് മണപ്പുറം ഫൗണ്ടേഷന്റെ ഇടപെടല്‍. ശിലാസ്ഥാപന കര്‍മം മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റീ വി. പി നന്ദകുമാറും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പത്‌നി മറിയാമ്മ ഉമ്മനും ചേര്‍ന്ന് നിര്‍വഹിച്ചു.

സമൂഹത്തിലെ പാവപ്പെട്ട വിഭാഗങ്ങള്‍ക്ക് വേണ്ടി മുഴുവന്‍ സമയവും പ്രയത്നിച്ച വ്യക്തിയായിരുന്നു ഉമ്മന്‍ ചാണ്ടിയെന്നും അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം ശ്രീലക്ഷ്മിക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും മറിയാമ്മ ഉമ്മന്‍ പറഞ്ഞു. സൗജന്യ ഭവന, ചികിത്സാ പദ്ധതികള്‍ ഉള്‍പ്പടെ നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങളാണ് മണപ്പുറം ഫൗണ്ടേഷന്‍ സമൂഹത്തില്‍ നടപ്പിലാക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ സ്മരണാര്‍ത്ഥം മണപ്പുറം ഫൗണ്ടേഷന്‍ നിര്‍മിച്ചു നല്‍കുന്ന രണ്ടാമത്തെ വീടാണ് ശ്രീലക്ഷ്മിക്ക് ലഭിക്കുന്നത്. നാട്ടിക എംഎല്‍എ സി. സി മുകുന്ദന്‍ അധ്യക്ഷത വഹിച്ചു.

സമൂഹത്തില്‍ നിര്‍ധനരായ ആളുകളെ കണ്ടെത്തി സഹായം നല്‍കുന്ന മണപ്പുറം ഫൗണ്ടേഷന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. നാട്ടികയില്‍ ഉള്‍പ്പടെ മണപ്പുറത്തിന്റെ സഹായം ലഭിക്കുന്ന നിരവധി ആളുകള്‍ പുതുജീവിതം കെട്ടിപ്പടുക്കുന്ന മനോഹരമായ കാഴ്ചയാണ് കാണാന്‍ കഴിയുന്നതെന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ മണപ്പുറം ജ്വലേഴ്സ് മാനേജിങ് ഡയറക്ടര്‍ സുഷമ നന്ദകുമാര്‍, മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ് ഡി ദാസ്, വാര്‍ഡ് മെമ്പര്‍ അനിത ഭായ് ത്രിദീപ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story