ED കസ്റ്റഡിയിലിരിക്കെ കെജ്‌രിവാള്‍ പുറത്തിറക്കിയ ഉത്തരവില്‍ അന്വേഷണം; അതിഷിയെ ചോദ്യംചെയ്‌തേക്കും

ED കസ്റ്റഡിയിലിരിക്കെ കെജ്‌രിവാള്‍ പുറത്തിറക്കിയ ഉത്തരവില്‍ അന്വേഷണം; അതിഷിയെ ചോദ്യംചെയ്‌തേക്കും

March 25, 2024 0 By Editor

ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കസ്റ്റഡിയിൽ തുടരവേ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പുറപ്പെടുവിച്ച ഉത്തരവിൽ അന്വേഷണം നടത്തും. വിഷയത്തിൽ മന്ത്രി അതിഷി മർലേനയെ ഇ.ഡി. ചോദ്യം ചെയ്യുമെന്നാണ് സൂചന. ആരാണ് അതിഷിക്ക് കത്ത് നൽകിയതെന്നും എപ്പോഴാണ് നൽകിയതെന്നതിലും വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യൽ.

ജലവിഭവവകുപ്പിലെ നടപടിക്കായി ഞായറാഴ്ചയാണ് കെജ്‌രിവാൾ നിർദേശം നൽകിയത്. വേനൽ കടുക്കുന്ന സാഹചര്യത്തിൽ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ അധിക ജല ടാങ്കറുകൾ വിന്യസിക്കാനും അഴുക്കുചാലുകളുടെ പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കാനുമായിരുന്നു കത്തിലെ നിർദേശം. പേപ്പറിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട നിലയിലുള്ള കത്തായിരുന്നു ആം ആദ്മി പാർട്ടി പുറത്തുവിട്ടത്.

എന്നാൽ കെജ്‌രിവാൾ കസ്റ്റഡിയിലിരിക്കുന്ന മുറിയൽ കമ്പ്യൂട്ടറോ പേപ്പറോ അനുബന്ധ സാധനങ്ങളോയില്ലെന്ന് ഇ.ഡി വ്യക്തമാക്കി. കെജ്‌രിവാളിനെ ഇ.ഡി. കസ്റ്റഡിയിൽ വിടുമ്പോൾ പങ്കാളി സുനിത കെജ്‌രിവാളിനും പേഴ്സണൽ സെക്രട്ടറി ബിഭവ് കുമാറിനും വൈകുന്നേരം 6 നും 7നും ഇടയിൽ അരമണിക്കൂർ സന്ദർശിക്കാൻ അനുമതി നൽകിയിരുന്നു. കൂടാതെ കെജ്‌രിവാളിന്റെ വക്കീലിനും അരമണിക്കൂർ സന്ദർശിക്കാൻ അനുമതിയുണ്ട്. ഇത്തരത്തിൽ സന്ദർശന സമയത്താണോ കത്തിൽ ഒപ്പിട്ടു നൽകിയതെന്നും ഇ.ഡി അന്വേഷിക്കുന്നുണ്ട്.

വ്യാഴാഴ്ച രാത്രി അറസ്റ്റിലായ കെജ്രിവാളിനെ കോടതി മാർച്ച് 28 വരെ ഇ.ഡി. കസ്റ്റഡിയിൽ വിട്ടിരുന്നു. ഒമ്പതുതവണ ബോധപൂർവം സമൻസ് അവഗണിച്ച കെജ്‌രിവാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ഇ.ഡി.യുടെ വാദം അംഗീകരിച്ചാണ് സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ കെജ്‌രിവാളിനെ കസ്റ്റഡിയിൽ വിട്ടത്. അറസ്റ്റിൽനിന്ന് സംരക്ഷണം തേടിയുള്ള കെജ്‌രിവാളിന്റെ അപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി മണിക്കൂറുകൾക്കകമായിരുന്നു വ്യാഴാഴ്ച രാത്രി അദ്ദേഹത്തെ അറസ്റ്റുചെയ്തത്.

അതേസമയം, അറസ്റ്റ് ചോദ്യംചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അടിയന്തര സിറ്റിങ് നടത്തി തന്നെ ജയിൽമോചിതനാക്കണമെന്ന് ആവശ്യപ്പെട്ടാണ് കെജ്‌രിവാൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ഹർജി അടിയന്തരമായി കേൾക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഹർജി അടുത്ത ബുധനാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.