രാജ്യത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം; മലപ്പുറം സ്വദേശി അറസ്റ്റിൽ

രാജ്യത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം; മലപ്പുറം സ്വദേശി അറസ്റ്റിൽ

March 31, 2024 0 By Editor

തിരുവനന്തപുരം: രാജ്യത്ത് മൂന്നാഴ്ചത്തേക്ക് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമെന്ന് സമൂഹ മാധ്യമങ്ങൾ വഴി വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ കൃത്രിമം കാണിക്കുന്നതിനായി മൂന്നാഴ്ച കാലത്തേക്ക് സമ്പൂർണ്ണ ലോക്ക്ഡോൺ പ്രഖ്യാപിക്കുമെന്നാണ് വിവിധ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി എം.വി ഷറഫുദ്ദീനാണ് പിടിയിലായത്. കോവിഡിനെ തുടർന്നുണ്ടായ ലോക്ക്ഡൗൺ സമയത്തെ ഒരു വാർത്തയുടെ സ്ക്രീൻഷോട്ടാണ് ഇയാൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.

കൊച്ചി സൈബർ ഡോം നടത്തിയ സോഷ്യൽ മീഡിയ പട്രോളിംഗിലാണ് വ്യാജ പ്രചരണം നടത്തിയതായി കണ്ടെത്തിയിട്ടുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് സമൂഹ മാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ പോസ്റ്റ് ചെയ്യുന്നവരെയും, വ്യാജ പ്രചരണങ്ങൾ നടത്തുന്നവരെയും കണ്ടെത്താനായി സൈബർ ഡിവിഷന്റെ നേതൃത്വത്തിൽ സൈബർ പോലീസ് ആസ്ഥാനത്തും എല്ലാ റേഞ്ചുകളിലും എല്ലാ ജില്ലകളിലും സാമൂഹിക മാധ്യമം നിരീക്ഷണ സെല്ലുകൾക്ക് രൂപം നൽകിയിട്ടുണ്ട്. അതേസമയം, വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് പോലീസ് അറിയിച്ചു.