തൃശൂരിൽ സിപിഎം പിൻവലിച്ച വൻതുകയെപ്പറ്റി അന്വേഷണം; ബാങ്കിൽ ഐടി സംഘത്തിന്റെ പരിശോധന
സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി വൻ തുക ദുരൂഹമായി പിൻവലിച്ചതിന്റെ പേരിൽ പൊതുമേഖലാ ബാങ്കിന്റെ എംജി റോഡ് ശാഖയിൽ ആദായനികുതി (ഐടി) വകുപ്പ് റെയ്ഡ്. തുക പിൻവലിച്ച കാര്യം പാർട്ടി സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിൽ മറച്ചുവച്ചതിന്റെ പേരിൽ, ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ എം.എം.വർഗീസിനെ ഇന്നലെ കൊച്ചിയിൽ ഇ.ഡി ഓഫിസിൽ ഐടി ഉദ്യോഗസ്ഥർ ചോദ്യംചെയ്തു. രാത്രി ഒൻപതരയോടെ ചോദ്യംചെയ്യൽ പൂർത്തിയായെങ്കിലും വർഗീസിന്റെ ഫോൺ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
പിൻവലിച്ച തുക സംബന്ധിച്ചു വർഗീസിന് അറിയാവുന്ന വിവരങ്ങൾ ശേഖരിക്കാനാണ് ഐടി ഉദ്യോഗസ്ഥർ ഇ.ഡി ഓഫിസിൽ നേരിട്ട് എത്തിയത്. 3 കോടിക്കും 5 കോടിക്കും ഇടയിലുള്ള തുക പിൻവലിച്ചെന്നും അക്കൗണ്ടിൽ ഇപ്പോഴും കോടികളുടെ നിക്ഷേപമുണ്ടെന്നും വകുപ്പു കണ്ടെത്തിയിട്ടുണ്ട്. ബാങ്കിൽ ഐടി റെയ്ഡ് ഇന്നലെ അർധരാത്രി വരെ നീണ്ടു.
വിവിധ ഏരിയ കമ്മിറ്റികളുടെ കീഴിൽ 25 ഓളം ബാങ്ക് അക്കൗണ്ടുകളിലായി കണക്കിൽ പെടാതെ പണമിടപാടുകൾ നടത്തുന്നുവെന്നു കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിന്റെ അന്വേഷണത്തിനിടെ ഇ.ഡി കണ്ടെത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണു ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് ഇടപാടുകളിലേക്കും അന്വേഷണമെത്തിയത്. എംജി റോഡിലെ ബാങ്കിലെ അക്കൗണ്ടിൽ നിന്നു മാസങ്ങൾക്കു മുൻപു വൻ തുക ആരു പിൻവലിച്ചു, തുകയുടെ ഉറവിടമെന്ത്, ആർക്കു കൈമാറി തുടങ്ങിയ കാര്യങ്ങളിലാണ് അന്വേഷണം.
ബാങ്കിലെ അക്കൗണ്ട് രഹസ്യമല്ലെന്നാണു വിവരമെങ്കിലും നടന്ന ഇടപാടുകളുടെ വിവരം മറച്ചുവച്ചതു ദുരൂഹമായി തുടരുന്നു. വലിയ തുകകളുടെ ഇടപാടുകൾ അക്കൗണ്ടിലൂടെ സ്ഥിരമായി കൈകാര്യം ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. തങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സുതാര്യമാണെന്നും കണക്കുകൾ ഐടി വകുപ്പിനെയും തിരഞ്ഞെടുപ്പു കമ്മിഷനെയുമടക്കം കൃത്യമായി ബോധ്യപ്പെടുത്താറുണ്ടെന്നുമായിരുന്നു സിപിഎം ജില്ലാ കമ്മിറ്റിയുടെയും സംസ്ഥാന കമ്മിറ്റിയുടെയും നിലപാട്.