ഭക്തിലഹരിയിൽ കൊടുങ്ങല്ലൂർ ഭരണി -ഇന്ന് കാവുതീണ്ടൽ

കൊടുങ്ങല്ലൂർ: ഭക്തിലഹരിയിൽ ഒഴുകിയെത്തിയ കോമരക്കൂട്ടങ്ങളും ഭക്തസംഘങ്ങളും നിറഞ്ഞാടാൻ തുടങ്ങിയതോടെ ചരിത്രനഗരിയായ കൊടുങ്ങല്ലൂരിന്​ രൗദ്രതാളം. ചൊവ്വാഴ്ചയാണ്​​ ചരിത്രപ്രസിദ്ധമായ കാവുതീണ്ടൽ. തിങ്കളാഴ്ച സന്ധ്യാവേളയിൽ തെളിഞ്ഞ രേവതി വിളക്ക്​ ദർശിക്കാൻ ആയിരങ്ങളാണ്…

കൊടുങ്ങല്ലൂർ: ഭക്തിലഹരിയിൽ ഒഴുകിയെത്തിയ കോമരക്കൂട്ടങ്ങളും ഭക്തസംഘങ്ങളും നിറഞ്ഞാടാൻ തുടങ്ങിയതോടെ ചരിത്രനഗരിയായ കൊടുങ്ങല്ലൂരിന്​ രൗദ്രതാളം. ചൊവ്വാഴ്ചയാണ്​​ ചരിത്രപ്രസിദ്ധമായ കാവുതീണ്ടൽ. തിങ്കളാഴ്ച സന്ധ്യാവേളയിൽ തെളിഞ്ഞ രേവതി വിളക്ക്​ ദർശിക്കാൻ ആയിരങ്ങളാണ് ക്ഷേത്രസന്നിധിയിലേക്ക്​ ഇരച്ചുകയറിയത്​.

‘രേവതി ഇരച്ചിൽ’ എന്ന​ ഈ ഭക്തമുന്നേറ്റത്തിൽ ശ്രീകുരുംബ ഭഗവതി സന്നിധിയും കാവും ഭക്തിപ്രഹർഷമായി​. ചെമ്പട്ടുടുത്ത്​ അരമണിയും കാൽച്ചിലമ്പും കിലുക്കി ഉറഞ്ഞുതുള്ളി കൈയിലേന്തിയ ഉടവാളുകൊണ്ട്​ നെറ്റിയിൽ ആഞ്ഞുവെട്ടി നിണമൊഴുക്കുന്ന കോമരങ്ങളും മുളന്തണ്ടിൽ താളമിട്ട്​ തന്നാരം പാട്ടുപാടുന്ന സംഘങ്ങളും ക്ഷേത്രസന്നിധിയിൽ പ്രകമ്പനം തീർത്ത് നിൽക്കെയായിരുന്നു രേവതി വിളക്ക്​ തെളിഞ്ഞത്​. ഇ​തോടെ ക്ഷേത്രാങ്കണത്തിൽ ദേവീസ്​തുതികളും തന്നാരംപാട്ടും അമ്മേ ശരണംവിളികളും അത്യുച്ചത്തിലായി. ഈസമയം പുറത്തുനിന്നും ഭക്തസംഘങ്ങൾ നിരനിരയായി ക്ഷേത്രസന്നിധിയിലേക്ക്​ പാഞ്ഞുകയറി.

ദാരികാസുരനുമായുള്ള യുദ്ധത്തിൽ ദേവി വിജയിച്ചതിന്‍റെ അടയാളമാണ്​ രേവതി വിളക്കെന്നാണ്​ വിശ്വാസം. അതുകൊണ്ടുതന്നെ വിളക്ക്​ ദർശിക്കാൻ വലിയതോതിൽ ഭക്തരെത്തി. ഇവരിൽ പലരും കാവുതീണ്ടലും കഴിഞ്ഞായിരിക്കും ദേശത്തേക്കു​ മടങ്ങുക. കൊടുങ്ങല്ലൂർ ശ്രീ കുരുംബകാവും ചരിത്രനഗരിയും പരിസരങ്ങളുമെല്ലാം ഭക്തർ കൈയടക്കിക്കഴിഞ്ഞു.

ചൊവ്വാഴ്ച വൈകീട്ട്​ നാലിനുശേഷമായിരിക്കും​ ഭരണിമഹോത്സവത്തി​ന്റെ സുപ്രധാന ചടങ്ങായ കാവുതീണ്ടൽ. വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ഏറെ രഹസ്യമായ തൃച്ചന്ദനച്ചാർത്ത്​ പൂജക്കുശേഷമായിരിക്കും കാവുതീണ്ടൽ. ക്ഷേത്രത്തിന്റെ കിഴക്കേ നിലപാടുതറയിൽ ഉപവിഷ്​ടനാകുന്ന കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അനുമതി നൽകുന്നതോടെയാണ്​ നിലപാടുതറകളിലും ക്ഷേത്രാങ്കണത്തിലും പരിസരങ്ങളിലും ഭക്തിലഹരിയിൽ നിറഞ്ഞുനിൽക്കുന്ന വൻ ജനക്കൂട്ടം ക്ഷേത്രത്തിനു​ ചുറ്റും പ്രദക്ഷിണംവെച്ച്​ ഓടി കാവുതീണ്ടുക. പാലക്കവേലൻ എന്ന വിശേഷണമുള്ള ചിറക്കൽ ദേവിദാസനാണ്​ ആദ്യം കാവുതീണ്ടാനുള്ള അവകാശം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story