പടക്കവുമായി തീവണ്ടിയില്‍ യാത്ര ചെയ്താൽ പിടി വീഴും: ലഭിക്കുന്നത് മൂന്ന് വര്‍ഷംവരെ തടവ്

പടക്കവുമായി തീവണ്ടിയില്‍ യാത്ര ചെയ്താൽ പിടി വീഴും: ലഭിക്കുന്നത് മൂന്ന് വര്‍ഷംവരെ തടവ്

April 13, 2024 0 By Editor

ഒറ്റപ്പാലം: വിലക്കുറവില്‍ തമിഴ്നാട്ടില്‍നിന്നും മറ്റും പടക്കം വാങ്ങി തീവണ്ടിയില്‍ വരാമെന്ന ചിന്ത വേണ്ട. പിടിവീഴുമെന്നു മാത്രമല്ല, തടവും പിഴയും കിട്ടും. വിഷു പ്രമാണിച്ച് തീവണ്ടികളില്‍ പടക്കമെത്തിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ആര്‍.പി.എഫ്. ക്രൈം പ്രിവന്‍ഷന്‍ ആന്‍ഡ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് പരിശോധന തുടങ്ങിയത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനായിട്ടാണ് നടപടി.

പാലക്കാട്, മംഗലാപുരം, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചാണ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം. എസ്.ഐ.യോ എ.എസ്.ഐ.യോ നേതൃത്വം നല്‍കുന്ന നാലംഗസംഘമാണ് ഓരോ സ്‌ക്വാഡിലും ഉണ്ടാവുക. സ്‌ക്വാഡുകള്‍ മാറി മാറി 24 മണിക്കൂറും പരിശോധന നടത്തും. മഫ്തിയിലാണ് പരിശോധനക്കെത്തുക. പിടിച്ചാല്‍ റെയില്‍വേ നിയമം 164, 165 വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുക. മൂന്ന് വര്‍ഷംവരെ തടവോ 1000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. കനത്ത ചൂടുള്ള കാലാവസ്ഥയില്‍ പടക്കം പൊട്ടിത്തെറിക്കാനും തീവണ്ടിക്ക് തീ പിടിക്കാനും സാധ്യതയുള്ളതിനാലാണ് നടപടി കര്‍ശനമാക്കിയിരിക്കുന്നത്.