നടിയെ ആക്രമിച്ച കേസ്: ദിലീപിന് തിരിച്ചടി, മൊഴിപകർപ്പ് അതിജീവിതയ്ക്ക് നൽകരുതെന്ന ഹർജി തള്ളി

നടിയെ ആക്രമിച്ച കേസ്: ദിലീപിന് തിരിച്ചടി, മൊഴിപകർപ്പ് അതിജീവിതയ്ക്ക് നൽകരുതെന്ന ഹർജി തള്ളി

April 16, 2024 0 By Editor

കൊച്ചി: മെമ്മറി കാർഡ് ചോർന്നതിലെ അന്വേഷണ റിപ്പോർട്ടിലെ സാക്ഷിമൊഴിയുടെ പകർപ്പ് അതിജീവിതയ്ക്കു നൽകരുതെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ എൻ.നഗരേഷ്, പി.എം.മനോജ് എന്നിവരുടെ അവധിക്കാല ബെഞ്ചാണ് ഹർജി തള്ളിയത്. രാവിലെ കേസിൽ വാദം കേട്ട കോടതി വിധി പറയുന്നതു വൈകിട്ടത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.

തീർപ്പാക്കിയ ഹർജിയിലാണു മൊഴി പകർപ്പ് കൊടുക്കാൻ കോടതി ഉത്തരവിട്ടത് എന്നായിരുന്നു ദിലീപിന്റെ ഹർജിയിൽ പറയുന്നത്. സുപ്രീംകോടതി തന്നെ ഇക്കാര്യത്തിൽ വിധി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് സാക്ഷി മൊഴി കൊടുക്കാൻ ഉത്തരവിട്ടത് ഈ ഉത്തരവുകളുടെ ലംഘനമായിരുന്നു എന്നായിരുന്നു ദിലീപിന്റെ വാദം. നേരത്തെ, മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട എൻക്വയറിയിലെ സാക്ഷിമൊഴികളുടെ സർട്ടിഫൈഡ് പകർപ്പ് അതിജീവിതയ്ക്ക് കൈമാറാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദേശം നൽകിയിരുന്നു. ഇതിനെതിരെയാണു ദിലീപ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

ആക്രമിക്കപ്പെട്ട ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡാണ് കോടതിയുടെ കസ്റ്റഡിയിലുള്ളപ്പോൾ അനധികൃതമായി പരിശോധിക്കപ്പെട്ടതെന്ന് അതിജീവിത ചൂണ്ടിക്കാട്ടി. അന്തസ്സോടെ ജീവിക്കാനുള്ള തന്റെ അവകാശം ലംഘിച്ചു. ആരാണ് അനധികൃതമായി ഇത് പരിശോധിച്ചത് എന്നതിൽ അന്വേഷണം ആവശ്യപ്പെട്ടത് താനാണ്. ഇതിന്റെ റിപ്പോര്‍ട്ട് പോലും തരാൻ വിചാരണ കോടതി തയാറായില്ല. ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഇത് ലഭിച്ചത്. അതുപോലെ താൻ ആക്രമിക്കപ്പെട്ട വിഷയത്തിൽ ഉണ്ടായ കാര്യങ്ങളെക്കുറിച്ചുള്ള പുരോഗതി അറിയുന്നതിൽ പ്രതിക്ക് എന്താണ് പ്രശ്നമെന്നും അതിജീവിത ചോദിച്ചു. എന്തിനാണ് സാക്ഷി െമാഴി തനിക്ക് ലഭിക്കുന്നതിനെ പ്രതി എതിർക്കുന്നതെന്നും അതിജീവിത ചോദിച്ചു. കേസ് മനഃപൂര്‍വം വൈകിപ്പിക്കാൻ പ്രതിഭാഗം ശ്രമിക്കുന്നതായും അതിജീവിത വാദിച്ചിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിൽ മെമ്മറി കാർഡിന്റെ അനധികൃത പരിശോധനയെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹർജിയും കോടതി മുമ്പാകെയുണ്ട്. കോടതിയുടെ നിർദേശങ്ങൾക്ക് അനുസൃതമായ അന്വേഷണമല്ല ഉണ്ടായതെന്നു ചൂണ്ടിക്കാട്ടിയാണ് അതിജീവിത റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഈ ഹർജി നിലനിൽക്കുമോ എന്ന കാര്യത്തിൽ വിശദമായ വാദം മേയ് 30ന് നടക്കും. തീര്‍പ്പാക്കിയ കേസിൽ ഉപഹർജിയുമായാണ് അതിജീവിത കോടതിയെ സമീപിച്ചിരിക്കുന്നത് എന്നതിനാലാണിത്.

നേരത്തെ എൻക്വയറി റിപ്പോർട്ട് അതിജീവിതയ്ക്ക് നല്‍കുന്നതിനെയും ദിലീപിന്റെ അഭിഭാഷകൻ എതിർത്തിരുന്നു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് 3 പേർ പരിശോധിച്ചിരുന്നതായി എൻക്വയറി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അങ്കമാലി മജിസ്ട്രേറ്റായിരുന്ന ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പി.എ. മഹേഷ്, വിചാരണ കോടതി ശിരസ്തദാർ താജുദ്ദീൻ എന്നിവർ മെമ്മറി കാർഡ് പരിശോധിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്.