ഷുഗർ 300 കടന്നു; വിവാദങ്ങൾക്ക് വിരാമമിട്ട് കെജ്‌രിവാളിന് ഇൻസുലിൻ നൽകി തീഹാർ ജയിൽ അധികൃതർ: വീട്ടിൽ നിന്ന് മാമ്പഴവും മധുര പലഹാരങ്ങളും നൽകിയത് എന്തിനെന്ന് മനസിലാകുന്നില്ലെന്ന് കോടതി
ദില്ലി: തിഹാർ ജയിലിൽ തടവിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഷുഗർ നില ഉയർന്നതിനാൽ ഇൻസുലിൻ നൽകി അധികൃതർ. രക്തത്തിലെ പഞ്ചസാരയുടെ അളവ് 320 ആയി ഉയർന്നതിനെ തുടർന്ന് തിങ്കളാഴ്ച രാത്രിയാണ് ഇൻസുലിൻ നൽകിയത്. ഏറെ ദിവസം നീണ്ടുനിന്ന രാഷ്ട്രീയ വിവാദം അവസാനിപ്പിച്ചു കൊണ്ടാണ് ഇൻസുലിൻ നൽകാൻ അധികൃതർ തയ്യാറായത്. കെജ്‌രിവാളിന് ഇൻസുലിൻ നൽകാതിരുന്നത് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
കെജ്‌രിവാളിന് ഡോക്ടറുമായി ദിവസേന 15 മിനിറ്റ് വീഡിയോ കണ്‍സള്‍ട്ടേഷൻ അനുവദിക്കണമെന്ന ഹർജി വിചാരണക്കോടതി ഇന്നലെ തള്ളിയിരുന്നു. കെജ്‌രിവാളിന് പതിവായി ഇന്‍സുലിന്‍ കുത്തിവയ്പ്പുകള്‍ ആവശ്യമുണ്ടോ എന്ന് തീരുമാനിക്കാന്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒരു മെഡിക്കല്‍ പാനല്‍ രൂപീകരിക്കാന്‍ റോസ് അവന്യൂ കോടതി ഉത്തരവിട്ടിരുന്നു.
ഡയബറ്റോളജിസ്റ്റുകളില്‍ നിന്നോ എന്‍ഡോക്രൈനോളജിസ്റ്റുകളില്‍ നിന്നോ വിദഗ്ധ ചികിത്സ ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് ശരിയായ വൈദ്യസഹായം ലഭ്യമാണെന്ന് ഉറപ്പാക്കാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇവരുടെ മാർഗം നിർദ്ദേശം അനുസരിച്ച് ഇൻസുലിനും മറ്റു ചികിത്സയും നൽകണമെന്ന് കോടതി വ്യക്തമാക്കി. എന്നാൽ നേരത്തെ അംഗീകരിച്ച് ഭക്ഷണക്രമം കൂടാതെ വീട്ടിൽ നിന്ന് കെജ്‌രിവാളിന് മാമ്പഴവും മറ്റു മധുര പലഹാരങ്ങളും നൽകിയത് എന്തിനെന്ന് മനസിലാകുന്നില്ലെന്ന് കോടതി നിരിക്ഷിച്ചു. ജാമ്യത്തിനായി പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിച്ചുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ ആരോപിച്ചിരുന്നു.