മദ്യലഹരിയിൽ മുൻസുഹൃത്തുമായി തർക്കം, സംഘർഷം; നൈറ്റ് കഫേ അടിച്ചുതകർത്ത് യുവതിയും സംഘവും

പനമ്പിള്ളിനഗറിൽ നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ ആക്രമിച്ചു പര‌ുക്കേൽപിച്ച യുവതിയും സംഘവും അറസ്റ്റിൽ.

പനമ്പിള്ളിനഗർ ഷോപ്പിങ് കോംപ്ലക്സിലെ സാപിയൻസ് കഫറ്റീരിയയിൽ ആയുധങ്ങളുമായി എത്തി അക്രമം അഴിച്ചുവിട്ട കോട്ടയം ചങ്ങനാശേരി സ്വദേശിനി ലീന (26), ഇടുക്കി കട്ടപ്പന മേപ്പാറ ഏഴാച്ചേരിൽ ജെനിറ്റ് (23), വയനാട് കൽപറ്റ മുണ്ടേരി പറമ്പിൽ ഹൗസിൽ മുഹമ്മദ് സിനാൻ (22), കോട്ടയം ചങ്ങനാശേരി നാലുകോടി ഇടശ്ശേരി ഹൗസിൽ ആദർശ് ദേവസ്യ (22) എന്നിവരാണു സൗത്ത് പൊലീസിന്റെ പിടിയിലായത്. കണ്ടാലറിയാവുന്ന 4 പേർക്ക് എതിരെ കേസെടുത്തിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നു പൊലീസ് അറിയിച്ചു.

കഫറ്റീരിയയിൽ ഭക്ഷണം കഴിക്കാനെത്തിയ ലീനയും മുൻസുഹൃത്തും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയുമുണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന യുവതിയെ പിന്തിരിപ്പിക്കാനുള്ള ശ്രമം സംഘർഷത്തിൽ കലാശിക്കുകയും ഇവർ എത്തിയ കാറിന്റെ ചില്ല് ഒരാൾ പൊട്ടിക്കുകയും ചെയ്തു. തുടർന്നു ലീന പനമ്പിള്ളിനഗറിൽത്തന്നെ ഉണ്ടായിരുന്ന യുവാക്കളെ കൂട്ടിയെത്തി രാത്രി പത്തേകാലോടെ അക്രമം അഴിച്ചുവിടുകയായിരുന്നു.

ബേസ് ബോൾ ബാറ്റ്, ഇരുമ്പുവടി എന്നിവ ഉപയോഗിച്ചുള്ള അടിയേറ്റു കടയുടമ ഫോർട്ട്കൊച്ചി സ്വദേശി അമൻ അഷ്കറിനും പാർട്ണർക്കും സുഹൃത്തിനും രണ്ടു ജീവനക്കാർക്കും പരുക്കേറ്റു. കടയിലെ സാധനസാമഗ്രികളും തല്ലിത്തകർത്തു. 3 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നു പൊലീസ് പറയുന്നു. സ്ഥലത്തെത്തിയ സൗത്ത് പൊലീസ് ലീന ഉൾപ്പെടെ 4 പേരെ പിടികൂടി. എന്നാൽ, മറ്റുള്ളവർ കടന്നുകളഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story