നാവികസേനയിൽ അഗ്നിവീർ -അപേക്ഷകൾ ക്ഷണിച്ചു

ഇന്ത്യൻ നാവികസേനയിൽ അഗ്നിവീർ (മെട്രിക് /സീനിയർ സെക്കൻഡറി റിക്രൂട്ട്സ് എസ്.എസ്.ആർ) 02/2024 ബാച്ചിലേക്കുള്ള റിക്രൂട്ട്മെന്റിന് അപേക്ഷകൾ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കുമാണ് അവസരം. നാലുവർഷത്തേക്കാണ് നിയമനം.

വിശദവിവരങ്ങളടങ്ങിയ അഗ്നിവീർ (എം.ആർ), അഗ്നിവീർ (എസ്.എസ്.ആർ) റിക്രൂട്ട്​​മെന്റ് വിജ്ഞാപനം https://agniveernavy.cdac.inൽ. യോഗ്യരായ ഉദ്യോഗാർഥികൾക്ക് മേയ് 13 മുതൽ 27 വരെ ഓൺലൈനായി അപേക്ഷിക്കാം. ഫീസ് 550 രൂപ. 18 ശതമാനം ജി.എസ്.ടി കൂടി നൽകണം. വിസ/മാസ്റ്റർ/റുപേ ക്രെഡിറ്റ്/ഡബിറ്റ്കാർക്ക്/യു.പി.ഐ,​ നെറ്റ് ബാങ്കിങ് മുഖാന്തരം ഫീസടക്കാം.

സെലക്ഷൻ: വിവിധ ഘട്ടങ്ങളായിട്ടാണ് തെരഞ്ഞെടുപ്പ്. ഒന്നാംഘട്ട ഇന്ത്യൻ നേവി എൻട്രൻസ് ടെസ്റ്റിൽ യോഗ്യത നേടുന്നവരുടെ ചുരുക്കപ്പട്ടിക തയാറാക്കി രണ്ടാംഘട്ടം സംസ്ഥാന തലത്തിൽ കായികക്ഷമതാ പരീക്ഷക്ക് ക്ഷണിക്കും. അന്തിമ തെരഞ്ഞെടുപ്പ് വൈദ്യപരിശോധനക്ക് വിധേയമായിരിക്കും.

സംസ്ഥാനാടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടപടികൾ. സംസ്ഥാനതലത്തിൽ തയാറാക്കുന്ന മെറിറ്റ് ലിസ്റ്റിൽനിന്നുമാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള പരിശീലനം ഐ.എൻ.എസ് ചിൽക്കയിൽ (ഒഡിഷ) നവംബറിലാരംഭിക്കും.

ശമ്പളം: പ്രതിമാസം ഒന്നാംവർഷം 30,000 രൂപ, രണ്ടാംവർഷം 33,000 രൂപ, മൂന്നാം വർഷം 36,500 രൂപ, നാലാം വർഷം 40,000 രൂപ. ഇതിൽനിന്ന് 30 ശതമാനം കോർപസ് ഫണ്ടിലേക്ക് പിടിക്കും.

നാലുവർഷത്തെ സേവനകാലാവധി പൂർത്തിയാക്കി പിരിഞ്ഞുവരുമ്പോൾ സേവാനിധിയായി 10.04 ലക്ഷം രൂപ നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കുക.

അഗ്നിവീർ യോഗ്യത

അഗ്നിവീർ (എം.ആർ) റിക്രൂട്ട്മെന്റിൽ പ​ങ്കെടുക്കാൻ എസ്.എസ്.എൽ.സി/മെട്രിക്കുലേഷൻ/തത്തുല്യ പരീക്ഷ 50 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. ഫൈനൽ യോഗ്യത പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരെയും വ്യവസ്ഥകൾക്ക് വിധേയമായി പരിഗണിക്കും. 2003 നവംബർ ഒന്നിനും 2007 ഏപ്രിൽ 30നും മധ്യേ ജനിച്ചവരാകണം.

അഗ്നിവീർ (എസ്.എസ്.ആർ) റിക്രൂട്ട്മെന്റിലേക്ക് മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളോടെ പ്ലസ്ടു/ഹയർ സെക്കൻഡറി/തത്തുല്യ ബോർഡ് പരീക്ഷ 50 ശതമാനം മാർക്കിൽ കുറയാതെ പാസായിരിക്കണം. മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഓട്ടോമൊബൈൽസ്/കമ്പ്യൂട്ടർ സയൻസ്/ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചിൽ ത്രിവത്സര അംഗീകൃത എൻജിനീയറിങ് ഡിപ്ലോമ 50 ശതമാനം മാർക്കോടെ വിജയിച്ചവരെയും പരിഗണിക്കും.

ഫൈനൽ യോഗ്യത പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 1.11.2003നും 30.4.2007നും മധ്യേ ജനിച്ചവരാകണം. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. വൈകല്യങ്ങൾ പാടില്ല.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story