അങ്കമാലിയിൽ പോലീസിന് ഗുണ്ടാനേതാവിന്റെ വിരുന്ന്, തമ്മനം ഫൈസലിന്റെ വീട്ടിലെത്തിയത് ഡിവൈഎസ്പി അടക്കമുള്ളവർ

ഗുണ്ടാ സംഘങ്ങള അമർച്ച ചെയ്യാനുള്ള ‘ഓപറേഷൻ ആഗ്’ പുരോഗമിക്കുന്നതിനിടെ ഗുണ്ടാ നേതാവിന്റെ ആതിഥ്യം സ്വീകരിച്ച് ഡിവൈഎസ്പിയും പൊലീസുകാരും. സംശയാസ്പദമായ രീതിയിൽ ഗുണ്ടാ നേതാവിന്റെ വീട്ടിൽ ആളെത്തിയതറിഞ്ഞ് അങ്കമാലി…

ഗുണ്ടാ സംഘങ്ങള അമർച്ച ചെയ്യാനുള്ള ‘ഓപറേഷൻ ആഗ്’ പുരോഗമിക്കുന്നതിനിടെ ഗുണ്ടാ നേതാവിന്റെ ആതിഥ്യം സ്വീകരിച്ച് ഡിവൈഎസ്പിയും പൊലീസുകാരും. സംശയാസ്പദമായ രീതിയിൽ ഗുണ്ടാ നേതാവിന്റെ വീട്ടിൽ ആളെത്തിയതറിഞ്ഞ് അങ്കമാലി പൊലീസ് റെയ്‍ഡ് നടത്തിയപ്പോഴാണ് ‌ഡിവൈഎസ്പിയും പൊലീസുകാരുമാ‌ണ് എത്തിയതെന്ന് വ്യക്തമായത്. അങ്കമാലി പൊലീസിനെ കണ്ടതോടെ ഡിവൈഎസ്പി ശുചിമുറിയിൽ ഒളിച്ചു. ഇവർക്കെതിരായ മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് ‌ സമർപ്പിച്ചിട്ടുണ്ട്.

ആലപ്പുഴ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി എം.ജി.സാബുവും മൂന്നു പൊലീസുകാരുമാണ് ഇന്നലെ ഗൂഡല്ലൂർ സന്ദർശനത്തിനു ശേഷം തിരികെ വരുമ്പോൾ അങ്കമാലിയിൽ കുപ്രസിദ്ധ ഗുണ്ട തമ്മനം ഫൈസലിന്റെ വീട്ടിലെത്തിയത്. ഫൈസലിന്റെ ആതിഥ്യം സ്വീകരിക്കുന്നതിനിടെ ആയിരുന്നു അപ്രതീക്ഷിതമായി അങ്കമാലി എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. ഗുണ്ടാ സംഘങ്ങളെ അമർച്ച ചെയ്യാനായി സംസ്ഥാന വ്യാപകമായി ഓപറേഷൻ ആഗ് പരിപാടി നടക്കുന്നതിനാൽ തമ്മനം ഫൈസൽ ഉൾപ്പെടെയുള്ള ഗുണ്ടാ നേതാക്കൾ‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് നാലു പേർ ഒരു സ്വകാര്യ കാറിൽ ഫൈസലിന്റെ വീട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിക്കുന്നത്. തുടർന്നായിരുന്നു റെയ്‍ഡ്. ഫൈസലിനെയും മറ്റൊരാളെയും കരുതൽ തടങ്കലിലാക്കി എന്നാണ് അറിയുന്നത്.

പൊലീസുകാരാണ് ഗുണ്ടയുടെ ആതിഥ്യം സ്വീകരിക്കാനെത്തിയത് എന്നറിഞ്ഞതോടെ അങ്കമാലി പൊലീസ് ഇക്കാര്യം റൂറൽ എസ്പിക്കും അദ്ദേഹം റേഞ്ച് ഐജിക്കും റിപ്പോർട്ട് ചെയ്തിരുന്നു. വിരുന്നിൽ ‍ഡിവൈഎസ്പിക്കൊപ്പം പങ്കെടുത്ത രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ആലപ്പുഴ പൊലീസ് ക്യാംപിലെ ഒരു ഡ്രൈവർ, സിപിഒ എന്നിവർക്കെതിരെയാണ് നടപടിയെന്നാണ് സൂചന. ഡിവൈഎസ്പി എം.ജി. സാബുവിന്റെ ഡെപ്യൂട്ടികളായിരുന്നു ഇവർ. മേയ് 31ന് സർവീസിൽനിന്ന് വിരമിക്കാനിരിക്കുകയാണ് സാബു.

കൊച്ചിയിൽ ഏറ്റവുമാദ്യം കാപ്പ ചുമത്തപ്പെട്ട ഗുണ്ടാ നേതാക്കളിലൊരാളാണ് ജോർജ് എന്ന തമ്മനം ഫൈസൽ. എറണാകുളം തമ്മനത്തെ വീട്ടിലെ വിളിപ്പേരായിരുന്നു ഫൈസൽ. പിന്നീട് മാതാവിന്റെ നാടായ അങ്കമാലി പുളിയനത്തേക്ക് താമസം മാറ്റിയതോടെ തമ്മനം ഫൈസൽ എന്നറിയപ്പെട്ടു. തർക്കത്തെ തുടർന്ന് പിതാവിനെ തല്ലിയ അയൽവാസിയെ വെട്ടിപ്പരിക്കേൽ‍പ്പിച്ചാണ് 18–ാം വയസ്സിൽ തമ്മനം ഫൈസൽ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് എത്തുന്നത്. കൊച്ചി ഭരിച്ചിരുന്ന ഗുണ്ടാ നേതാവ് തമ്മനം ഷാജിയുടെ എതിരാളിയായാണ് ഫൈസൽ പിന്നീട് വളർന്നു വന്നത്. മുപ്പതിലേറെ കേസുകളിൽ താൻ പ്രതിയായിരുന്നെന്നും ഇനി മൂന്നോ നാലോ കേസുകൾ മാത്രമേ ബാക്കിയുള്ളൂ എന്നുമാണ് ഫൈസൽ അടുത്തിടെ പറഞ്ഞത്.

താൻ കുറെ വർഷങ്ങളായി ഗുണ്ടാ പരിപാടികൾക്കൊന്നും പോകാറില്ലെന്നും സ്വന്തമായി ടിപ്പറുകളും മാലിന്യം ശേഖരിക്കുന്ന വണ്ടിയും മറ്റ് കുടുംബ ബിസിനസുകളും നോക്കി നടത്തുകയാണ് ചെയ്യുന്നതെന്നാണ് ഫൈസൽ ചില യൂട്യൂബ് അഭിമുഖങ്ങളിൽ അവകാശപ്പെട്ടിരുന്നത്. 2021ൽ മറ്റൊരു ഗുണ്ടാ സംഘത്തിൽ‍പ്പെട്ട ജോണി ആന്റണി എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായ മർദിച്ച കേസാണ് ഫൈസലിനെതിരെ ഏറ്റവുമൊടുവിൽ റജിസ്റ്റർ ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ ഫൈസലും സംഘവും തന്നെ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. തന്നെ വാളുകളുമായി ജോണി അടക്കമുള്ളവർ ഭീഷണിപ്പെടുത്തിയതിന് പകരം ചോദിച്ചതാണ് ആ സംഭവമെന്ന് ഫൈസൽ പിന്നീട് പറഞ്ഞിട്ടുണ്ട്. കരാട്ടെ അധ്യാപകൻ കൂടിയാണ് തമ്മനം ഫൈസൽ.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story