ഭൂമി ദാനം; സബ്കലക്ടര്‍ ദിവ്യ. എസ് അയ്യര്‍ക്കെതിരെ അന്വേഷണറിപ്പോര്‍ട്ട്

April 20, 2018 0 By Editor

തിരുവനന്തപുരം: വര്‍ക്കല അയിരൂര്‍ വില്ലേജില്‍ സ്വകാര്യ വ്യക്തിക്ക് ഭൂമി പതിച്ചു നല്‍കിയ സബ് കലക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട്. ജില്ലാ സര്‍വേ സൂപ്രണ്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ദിവ്യ എസ് അയ്യര്‍ സ്വകാര്യ വ്യക്തിക്ക് ദാനം ചെയ്തത് സര്‍ക്കാര്‍ പുറമ്പോക്കാണെന്ന് കണ്ടെത്തി.

വര്‍ക്കല ഇലകമണ്‍ പഞ്ചായത്തിലെ അയിരൂര്‍ വില്ലേജില്‍ വില്ലിക്കടവ് പാരിപ്പള്ളിവര്‍ക്കല സംസ്ഥാനപാതയോട് ചേര്‍ന്നുള്ള 27 സെന്റ് സ്ഥലമാണ് ദിവ്യ അയിരൂര്‍ പുന്നവിളവീട്ടില്‍ എം ലിജിക്ക് ദാനം ചെയ്തത്. അയിരൂര്‍ വില്ലേജ് ബ്ലോക്ക് മൂന്നില്‍ റീസര്‍വേ 227ല്‍പെട്ട ഭൂമി റോഡ് പുറമ്പോക്കിന്റെ ഭാഗമാണെന്ന് സ്ഥലപരിശോധന നടത്തിയതിന്റെയും മുന്‍ സര്‍വേ, റീസര്‍വേ റെക്കോഡുകള്‍ പരിശോധിച്ചതിന്റെയും അടിസ്ഥാനത്തില്‍ വ്യക്തമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വസ്തുവിനു സമീപം റീസര്‍വേ 224, 225, 226 എന്നിവയില്‍പ്പെട്ട വസ്തു ലിജിയുടെ പിതൃസഹോദരന് 1985ലെ യുഡിഎഫ് സര്‍ക്കാര്‍ പതിച്ചു നല്‍കിയതാണ്. അതേസമയം, സബ്കലക്ടര്‍ ദാനംചെയ്ത റീ സര്‍വേ 227 പട്ടയം ലഭിച്ച ഈ വസ്തുവില്‍പെടുന്നില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സബ് കലക്ടര്‍ ദാനംചെയ്ത റീസര്‍വേ 227ല്‍പെട്ട 27 സെന്റ് സ്ഥലം ഇലകമണ്‍ പഞ്ചായത്തുവക പുറമ്പോക്കാണെന്ന് ഇതിനുമുമ്പും റവന്യൂ അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.
ലിജി കൈയേറിയ ഈ ഭൂമി വര്‍ക്കല തഹസില്‍ദാര്‍ സര്‍ക്കാര്‍ പുമ്പോക്കാണെന്നു കണ്ട് 2017ല്‍ ഏറ്റെടുക്കുകയും ഇത് സര്‍ക്കാര്‍ ഭൂമിയെന്ന് ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. അയിരൂര്‍ പോലീസ് സ്റ്റേഷന്‍മന്ദിരം നിര്‍മിക്കാനുള്ള നടപടികള്‍ തുടങ്ങിയതിനിടെയാണ് ലിജിക്ക് സബ് കലക്ടര്‍ ഭൂമിദാനം ചെയ്തത്.