അയോധ്യയിലെ ബാബറി മസ്ജിദുമായി ബന്ധപ്പെട്ട ഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി
ൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയ, അയോധ്യയിലെ ബാബറി മസ്ജിദുമായി ബന്ധപ്പെട്ട ഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കുമെന്നു മന്ത്രി . ഇതു സപ്ലിമെന്ററി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണോ ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി തയാറാക്കുന്ന പുതിയ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണോ എന്ന് കരിക്കുലം കമ്മിറ്റി തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ ഹയർ സെക്കൻഡറിയിൽ ശാസ്ത്ര, സാമൂഹിക ശാസ്ത്ര വിഷയങ്ങളിലാണ് എൻസിഇആർടി പാഠപുസ്തകങ്ങൾ പഠിപ്പിക്കുന്നത്. കഴിഞ്ഞ വർഷം സാമൂഹിക ശാസ്ത്ര പാഠപുസ്തകങ്ങളിൽ നിന്ന് ഗുജറാത്ത് കലാപവും മുഗൾ ചരിത്രവും അടക്കം എൻസിഇആർടി ഒഴിവാക്കിയപ്പോൾ കേരളത്തിൽ ഇത് ഉൾപ്പെടുത്തി സപ്ലിമെന്ററി പാഠപുസ്തകങ്ങൾ ഇറക്കിയിരുന്നു.
ഹയർ സെക്കൻഡറിയിൽ ഭാഷാവിഷയങ്ങളിലടക്കമുള്ള പുസ്തകങ്ങൾ സംസ്ഥാന ഏജൻസിയായ എസ്‌സിഇആർടി തയാറാക്കിയതാണ്. പാഠ്യപദ്ധതി പരിഷ്കരിക്കുന്നതോടെ അടുത്ത വർഷം പുതിയ പുസ്തകങ്ങളാകും. എൻസിഇആർടിയുടെ പുതിയ പാഠപുസ്തകങ്ങളും അടുത്ത വർഷം നിലവിൽ വരും. രാഷ്ട്രീയ താൽപര്യത്തോടെയുള്ള ഒഴിവാക്കലുകളും കൂട്ടിച്ചേർക്കലുകളും നടക്കുന്ന ചരിത്രം, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി എന്നീ വിഷയങ്ങളിലെ പുസ്തകങ്ങൾ കൂടി കേരളത്തിൽ തയാറാക്കുന്നത് സർക്കാർ പരിഗണിക്കുന്നുണ്ട്. എന്നാൽ ഇത് പെട്ടെന്നു ചെയ്യാനാകില്ലെന്നു വിദ്യാഭ്യാസ മന്ത്രിയും എസ്‌സിഇആർടിയും പറയുന്നു