മത്സരപ്പരീക്ഷകളിലെ ക്രമക്കേട്; 10 വർഷം വരെ ജയിൽശിക്ഷ; ഒരു കോടി രൂപ വരെ പിഴയും- നിയമം ഇന്നലെ മുതൽ പ്രാബല്യത്തിൽ

മത്സരപ്പരീക്ഷകളിലെ ക്രമക്കേട്; 10 വർഷം വരെ ജയിൽശിക്ഷ; ഒരു കോടി രൂപ വരെ പിഴയും- നിയമം ഇന്നലെ മുതൽ പ്രാബല്യത്തിൽ

June 22, 2024 0 By Editor

ഡൽഹി; മത്സരപ്പരീക്ഷകളിൽ ക്രമക്കേടു കാണിക്കുന്നവർക്കു 10 വർഷം വരെ ജയിൽശിക്ഷയും ഒരു കോടി രൂപ വരെ പിഴയും ലഭിക്കുന്ന പൊതുപരീക്ഷാ (അന്യായ രീതികൾ തടയുന്നതിനുള്ള) നിയമം ഇന്നലെ മുതൽ പ്രാബല്യത്തിൽ.

ഫെബ്രുവരിയിൽ ബിൽ പാസായിട്ടും നിയമം പ്രാബല്യത്തിൽ വരാത്തതു നീറ്റ് പരീക്ഷാക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ വിമർശിക്കപ്പെട്ടിരുന്നു. ആൾമാറാട്ടം, ഉത്തരക്കടലാസ് തിരിമറി, രേഖകളിലെ തിരിമറി, റാങ്ക് ലിസ്റ്റ് അട്ടിമറി എന്നിവ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളായിരിക്കും.

മത്സരപ്പരീക്ഷകളിലെ സുരക്ഷാചട്ടങ്ങളുടെ ലംഘനം, സീറ്റിങ് അറേഞ്ച്മെന്റിലെ ക്രമക്കേട്, കേന്ദ്രസർക്കാർ നിഷ്കർഷിക്കുന്ന ചട്ടങ്ങളുടെ ലംഘനം എന്നിവയും കുറ്റങ്ങളായി നിർവചിക്കുന്നു. പരീക്ഷയിലെ ക്രമക്കേട് സംഘടിതകുറ്റകൃത്യമാണെന്ന് കണ്ടെത്തിയാൽ 5 മുതൽ 10 വർഷം വരെ തടവു ലഭിക്കും. ഒരു കോടി രൂപയിൽ കുറയാത്ത പിഴയുമുണ്ടാകും.

ഏതെങ്കിലും സ്ഥാപനമാണു ക്രമക്കേടു നടത്തുന്നതെങ്കിൽ അവരുടെ സ്വത്തുവകകൾ കണ്ടുകെട്ടും. വ്യക്തി ഒറ്റയ്ക്കു ചെയ്ത കുറ്റമാണെങ്കിൽ മൂന്നു മുതൽ 5 വർഷം വരെയാണു തടവ്. 10 ലക്ഷം രൂപ വരെ പിഴ ലഭിച്ചേക്കാം.