'രക്തസാക്ഷി കുടുംബങ്ങളെ അപമാനിച്ചു'; പെരിയ കൊലക്കേസ് പ്രതിയുടെ വിവാഹത്തില്‍ പങ്കെടുത്ത നേതാക്കളെ പുറത്താക്കി കോണ്‍ഗ്രസ്
കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത നേതാക്കളെ കെപിസിസി പുറത്തക്കി. ബാലകൃഷ്ണന്‍ പെരിയ, രാജന്‍ പെരിയ, പ്രമോദ് പെരിയ എന്നിവരയൊണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. പരസ്യമായി രക്തസാക്ഷി കുടുംബങ്ങളെ അപമാനിച്ചുവെന്ന കെപിസിസി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കേസിലെ 13-ാം പ്രതി എന്‍ ബാലകൃഷ്ണന്റെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയാണ് കെപിസിസിക്ക് പരാതി നല്‍കിയത്. കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, യുഡിഎഫ് ഉദുമ മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ രാജന്‍ പെരിയ, മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയ എന്നിവര്‍ക്കെതിരെയായിരുന്നു പരാതി.
രാഷ്ട്രീയകാര്യ സമിതി അംഗം എന്‍ സുബ്രഹ്മണ്യന്‍, ജനറല്‍ സെക്രട്ടറി പിഎം നിയാസ് എന്നിവരായിരുന്നു അന്വേഷണസമിതി അംഗങ്ങള്‍. 38 പേരില്‍ നിന്ന് അന്വേഷണ സമിതി മൊഴി രേഖപ്പെടുത്തി. കൂടാതെ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെ പിതാവ് കൃഷ്ണനും ശരത് ലാലിന്റെ പിതാവ് സത്യനാരായണനും മൊഴി നല്‍കിയിരുന്നു.