ബിരുദക്കാരെ കേന്ദ്ര സർക്കാർ വിളിക്കുന്നു; 17,727 ഒഴിവുകൾ

ബിരുദക്കാരെ കേന്ദ്ര സർക്കാർ വിളിക്കുന്നു; 17,727 ഒഴിവുകൾ

June 29, 2024 0 By Editor

കേ​ന്ദ്ര സെക്രട്ടേറിയറ്റ്, റെയിൽവേ, ആദായനികുതി വകുപ്പ്, ഇ.ഡി, സെൻട്രൽ എക്സൈസ്, സി.ബി.ഐ, തപാൽ വകുപ്പ്,  എൻ.ഐ.എ തുടങ്ങിയവയിൽ വിവിധ തസ്തികകളിലേക്കാണ് നിയമനം

കേന്ദ്രസർക്കാർ ജോലിക്കായി കാത്തിരിക്കുന്നവർക്ക് മുമ്പിൽ ഇതാ അവസരങ്ങളുടെ ജാലകം തുറന്നിരിക്കുന്നു. വിവിധ കേന്ദ്ര മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഭരണഘടനാ സ്ഥാപനങ്ങൾ, ​ട്രൈബ്യൂണലുകൾ മുതലായവയിൽ ഗ്രൂപ് ബി, സി തസ്തികകളിലേക്കുള്ള നിയമനത്തിന് സ്റ്റാഫ് സെലക്ഷൻ കമീഷൻ (എസ്.എസ്.സി) ഈ വർഷം നടത്തുന്ന ക​ൈമ്പൻഡ് ഗ്രാജ്വേറ്റ് ലെവൽ (സി.ജി.എൽ) പരീക്ഷക്ക് ഓൺലൈനായി ജൂലൈ 24 വരെ അപേക്ഷിക്കാം.

ടയർ-1, ടയർ-2 എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ദേശീയതലത്തിൽ നടത്തുക. ടയർ-1 പരീക്ഷ സെപ്റ്റംബർ-ഒക്ടോബർ മാസത്തിലും ടയർ-2 പരീക്ഷ ഡിസംബറിലും നടക്കും. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://ssc.gov.in ൽ ലഭിക്കും.

തസ്തികകൾ: സെൻട്രൽ സെക്രട്ടേറിയറ്റ് സർവിസ്, ഇന്റലിജൻസ് ബ്യൂറോ, റെയിൽവേ, വിദേശകാര്യ മന്ത്രാലയങ്ങളിലും മറ്റും അസിസ്റ്റന്റ് സെക്ഷൻ ഓഫിസർ, ഇൻകംടാക്സ് ഇൻസ്​പെക്ടർ, സെൻട്രൽ എക്സൈസ് ഇൻസ്​പെക്ടർ, പ്രിവന്റീവ് ഓഫിസർ, റവന്യൂ വകുപ്പിൽ( ഇ.ഡി) അസിസ്റ്റന്റ് എൻഫോഴ്സ്മെന്റ് ഓഫിസർ, സി.ബി.ഐയിൽ സബ് ഇൻസ്​പെക്ടർ.

നാർകോട്ടിക്സ് ബ്യൂറോയിൽ ഇൻസ്​പെക്ടർ (ശമ്പളനിരക്ക് 44,900-1,42,400 രൂപ); വിവിധ കേന്ദ്രവകുപ്പുകളിലും മന്ത്രാലയങ്ങളിലും അസിസ്റ്റന്റ്/അസിസ്റ്റന്റ് സെക്ഷൻ ഓഫിസർ, സി.ബി.ഐ.സിയിൽ എക്സിക്യൂട്ടിവ് അസിസ്റ്റന്റ്, എൻ.എച്ച്.ആർ.സിയിൽ റിസർച്ച് അസിസ്റ്റന്റ്, സി ആൻഡ് എ.ജിയുടെ കീഴിലെ ഓഫിസുകളിൽ ഡിവിഷനൽ അക്കൗണ്ടന്റ്, എൻ.ഐ.എയിൽ സബ് ഇൻസ്​പെക്ടർ.

നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയിൽ എസ്.ഐ/ജൂനിയർ ഇന്റലിജൻസ് ഓഫിസർ, ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ (ശമ്പളനിരക്ക് 35,400-1,12,400 രൂപ), ഓഡിറ്റർ, അക്കൗണ്ടന്റ് (ശമ്പളനിരക്ക് 29,200-92,300 രൂപ); പോസ്റ്റൽ അസിസ്റ്റന്റ്/സോർട്ടിങ് അസിസ്റ്റന്റ് (തപാൽവകുപ്പ്).

സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്/യു.ഡി ക്ലർക്ക് (കേന്ദ്രസർക്കാർ ഓഫിസുകൾ/മ​ന്ത്രാലയങ്ങൾ), സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് (മിലിട്ടറി എൻജിനീയറിങ് സർവിസ്), ടാക്സ് അസിസ്റ്റന്റ് , സബ് ഇൻസ്​പെക്ടർ (നാർകോട്ടിക്സ് ബ്യൂറോ) (ശമ്പളനിരക്ക് 25,500-81,100 രൂപ). വിവിധ തസ്തികകളിലായി നിലവിൽ 17,727 ഒഴിവുകളാണുള്ളത്.

യോഗ്യത: ബിരുദമാണ് യോഗ്യത. എന്നാൽ ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ തസ്തികക്ക് പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്സിന് 60 ശതമാനം മാർക്ക് നേടിയിരിക്കണം. അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി ബിരുദമെടുത്തിരിക്കണം. റിസർച്ച് അസിസ്റ്റന്റ് തസ്തികക്ക് നിയമബിരുദവും ഒരുവർഷത്തെ ഗവേഷണ പരിചയവും അഭിലഷണീയം.

വിവിധ തസ്തികകൾക്ക് പ്രായപരിധി വ്യത്യസ്തമാണ് (18-27/20-30/18-30/18-32), എസ്.സി/എസ്.ടി വിഭാഗത്തിന് അഞ്ചു വർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്നു വർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും വിമുക്തഭടന്മാർക്കും മറ്റും ചട്ടപ്രകാരവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.

അപേക്ഷാഫീസ് 100 രൂപ. വനിതകൾ, എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി, വിമുക്തഭടന്മാർ വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. ജൂലൈ 25 വരെ ഫീസടക്കാം. അപേക്ഷിക്കാനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്.

പരീക്ഷ: കമ്പ്യൂട്ടർ അധിഷ്ഠിത ടയർ വൺ പരീക്ഷയിൽ ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്, പൊതുവിജ്ഞാനം, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് കോംപ്രിഹെൻഷൻ വിഷയങ്ങളിൽ ഒബ്ജക്ടീവ്, മൾട്ടിപ്പിൾ ചോയിസ് മാതൃകയിൽ 100 ചോദ്യങ്ങളുണ്ടാവും. പരമാവധി 200 മാർക്ക്. ഒരുമണിക്കൂർ സമയം ലഭിക്കും. ഇതിൽ യോഗ്യത നേടുന്നവരെ ‘ടയർ-2’ പരീക്ഷക്ക് ക്ഷണിക്കും.

ടയർ-2 പരീക്ഷയിൽ രണ്ട് പേപ്പറുകളാണുള്ളത്. പേപ്പർ ഒന്നിൽ മാത്തമാറ്റിക്കൽ എബിലിറ്റീസ്, റീസണിങ് ആൻഡ് ജനറൽ ഇന്റലിജൻസ്, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രിഹെൻഷൻ, പൊതുവിജ്ഞാനം വിഷയങ്ങളിലായി 130 ചോദ്യങ്ങൾ. പരമാവധി 390 മാർക്ക്. രണ്ടുമണിക്കൂർ സമയം ലഭിക്കും. ഇതിന് പുറമെ കമ്പ്യൂട്ടർ നോളജ് (20 ചോദ്യങ്ങൾ, 60 മാർക്കിന്) ഡാറ്റാ എൻട്രി സ്പീഡ് ടെസ്റ്റ് എന്നിവയുണ്ടാവും. പേപ്പർ രണ്ടിൽ സ്റ്റാറ്റിസ്റ്റിക്സിൽ 100 ചോദ്യങ്ങൾ 200 മാർക്കിന്, രണ്ടുമണിക്കൂർ സമയം അനുവദിക്കും.

പേപ്പർ ഒന്ന് എല്ലാ തസ്തികകൾക്കും നിർബന്ധമാണ്. പേപ്പർ രണ്ട് ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ തസ്തികകൾക്കുള്ളതാണ്. പരീക്ഷാഘടനയും സിലബസും സെലക്ഷൻ നടപടികളും വിജ്ഞാപനത്തിലുണ്ട്.

കേരളം, ലക്ഷദ്വീപ്, കർണാടകം എന്നിവിടങ്ങളിലുള്ളവർക്ക് എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, ബെൽഗവി, ബംഗളൂരു, ഹബ്ബാളി, ഗുൽബർഗ, മംഗളൂരു, മൈസൂരു, ഷിമോഗ, ഉഡുപ്പി പരീക്ഷാകേന്ദ്രങ്ങളാണ്. മുൻഗണനാക്രമത്തിൽ മൂന്നു പരീക്ഷാകേന്ദ്രങ്ങൾ തെരഞ്ഞെടുക്കാം.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam