PSC അംഗത്വം വാഗ്ദാനംചെയ്ത് 22 ലക്ഷം വാങ്ങി; ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെ CPM നടപടി

കോഴിക്കോട്: പി.എസ്.സി. അംഗമാക്കാമെന്ന് വാഗ്ദാനംചെയ്ത് കോഴ വാങ്ങിയെന്ന പരാതിയിൽ സിപിഎം ഏരിയാ കമ്മറ്റി അം​ഗം പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുത്ത് പാർട്ടി. പ്രമോദിനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽന്ന് മാറ്റുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോ​ഗം തിങ്കളാഴ്ച ചേരില്ല. നടപടി ഔദ്യോ​ഗികമായി പാർട്ടി പിന്നീട് അറിയിക്കുമെന്നാണ് വിവരം.

സി.ഐ.ടി.യു. ഭാരവാഹിയായ യുവനേതാവ്‌ പി.എസ്.സി. അംഗത്വം നൽകാനായി 60 ലക്ഷംരൂപ ആവശ്യപ്പെട്ടെന്നും 22 ലക്ഷം കൈപ്പറ്റിയെന്നുമാണ് ഹോമിയോ ഡോക്ടർമാരായ ദമ്പതിമാർ പരാതി നൽകിയത്. മന്ത്രി മുഹമ്മദ് റിയാസ് വഴി അംഗത്വം തരാമെന്ന് വിശ്വസിപ്പിച്ചാണ് പണമിടപാട് നടത്തിയതെന്നും പരാതിയിൽ പറയുന്നു. മന്ത്രി മുഹമ്മദ് റിയാസിനു പുറമേ എം.എൽ.എമാരായ കെ.എം. സച്ചിൻദേവ്, തോട്ടത്തിൽ രവീന്ദ്രൻ എന്നിവരുടെ പേരുകളും പ്രാദേശിക നേതാവ് ഉപയോഗപ്പെടുത്തിയതായി ദമ്പതികളുടെ പരാതിയിലുണ്ട്.

മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അയൽവാസികൂടിയാണ് ആരോപണവിധേയനായ പ്രമോദ് കോട്ടൂളി. ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുൻപ്‌ ഉയർന്ന പരാതി ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിനിടെയാണ് വിവരങ്ങൾ പുറത്തായത്. യുവനേതാവ് ഒറ്റയ്ക്കാവില്ല ഇടപാട് നടത്തിയതെന്ന സംശയവും പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്.

കോഴിക്കോട് ജില്ലാകമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച് ഇത്തരത്തിൽ ഒരു കോക്കസ് പ്രവർത്തിക്കുന്നതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായാണ് വിവരം. റിയാസിലൂടെ പാർട്ടിനേതൃത്വത്തിന്റെ അംഗീകാരം വാങ്ങിനൽകാമെന്നു വിശ്വസിപ്പിച്ചാണ് പി.എസ്.സി. അംഗത്വം വാഗ്ദാനംചെയ്തതെന്നാണ് പരാതി.

കോഴിക്കോട് നഗരം കേന്ദ്രീകരിച്ചുള്ള ചില കച്ചവടങ്ങളും മധ്യസ്ഥചർച്ചകളും നിയന്ത്രിക്കുന്നത് കുറച്ച് നേതാക്കൾ ഉൾപ്പെട്ട കോക്കസാണെന്നാണ് പാർട്ടിക്കുള്ളിൽ ഉയരുന്ന ആരോപണം. വൻകിട റിയൽ എസ്റ്റേറ്റ് ഇടനിലക്കാർവരെ ഇക്കൂട്ടത്തിലുണ്ടെന്നും ചില നേതാക്കൾ ഇവരിൽനിന്ന് വഴിവിട്ട സഹായങ്ങൾ സ്വീകരിക്കുന്നുണ്ടെന്നും ഒരു വിഭാഗം പറയുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story