തിരികെ കൊടുക്കുമോ മാളുവിനെ...: ഒന്നര വർഷം മുൻപ് വിറ്റ പശുവിനെ വീണ്ടെടുക്കാനായി അലഞ്ഞ് യുവാവ്

ഒന്നര വർഷം മുൻപ് വിറ്റ പശുവിനൊപ്പം പടിയിറങ്ങിപ്പോയ കുടുംബത്തിന്റെ സന്തോഷം വീണ്ടെടുക്കാൻ അലയുകയാണ് ഈ യുവാവ്. പശുവിനെ വീണ്ടെടുക്കുന്നതിനൊപ്പം ഈ യുവാവിനു തിരികെക്കിട്ടുക പ്ലസ്ടുവിനു പഠിക്കുന്ന സഹോദരിയുടെ സന്തോഷം കൂടിയാണ്. അതിനായി നാടു തോറും അലയുകയാണ് കൊല്ലം നെടുവത്തൂർ സ്വദേശിയായ യുവാവ്.

മാളു എന്നു പേരിട്ടു വളർത്തിയ പശുവിനെ തിരഞ്ഞ് കഴിഞ്ഞ ദിവസം ഇദ്ദേഹം ഓച്ചിറയിലുമെത്തി. ഓച്ചിറയിലെ ക്ഷീരോൽപാദക സംഘങ്ങളിലും ഫാമുകളിലും പശുവിന്റെ ചിത്രങ്ങളും അടയാളവുമായി കയറിയിറങ്ങി. പശുവിനെ തിരികെ നൽകുന്നവർക്ക് മോഹവില കൊടുത്തും ഇവർ തിരികെ വാങ്ങും, കാരണം സഹോദരിയുടെ മാഞ്ഞുപോയ പുഞ്ചിരി വീണ്ടെടുക്കണം.

സംഭവം തുടങ്ങുന്നത് രണ്ടര വർഷം മുൻപാണ്. നെടുവത്തൂർ പഞ്ചായത്തിലെ കിടാരി വളർത്തൽ പദ്ധതിയിൽ ഉൾപ്പെടുത്തി കർഷക കുടുംബത്തിന് 6 മാസം പ്രായമുളള പശുക്കിടാവിനെ നൽകി. മാതാപിതാക്കളും സഹോദരനും സഹോദരിയുമടങ്ങുന്ന കുടുംബം ‘മാളു’ എന്ന് പേരിട്ട് പശുക്കിടാവിനെ ഓമനിച്ചു വളർത്തി. വീട്ടിലെ ഇളകുട്ടിയായ സഹോദരിയായിരുന്നു പശുവിന്റെ പ്രധാന കൂട്ടുകാരി. ആരെയും ഉപദ്രവിക്കാതെ എല്ലാവരോടും വേഗം ഇണങ്ങുന്ന പശു കുടുംബത്തിന്റെ പ്രിയപ്പെട്ടവളായി .

സഹോദരി എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടി പ്ലസ് വൺ അഡ്മിഷൻ നേടിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. പശുവിനെ വളർത്തി മുൻപരിചയമില്ലത്ത കുടുംബത്തിലെ മറ്റു മൂന്നുപേർക്കും ജോലിക്കും പെൺകുട്ടിക്ക് പഠിക്കാനും പോകേണ്ടതിനാൽ, ഗർഭിണിയായ പശുവിനെ വീട്ടുകാർ വിൽ‍ക്കാൻ തീരുമാനിച്ചു.

വിൽപന കാര്യം പെൺകുട്ടി അറിഞ്ഞിരുന്നില്ല. പ്രദേശത്ത് പശുവിനെ വളർത്തുന്നവർക്കു മാത്രമേ കൊടുക്കുകയുള്ളു എന്നായിരുന്നു കുടുംബത്തിന്റെ നിലപാട്. പുത്തൂർ സ്വദേശിയായ കച്ചവടക്കാരൻ തന്റെ വീട്ടിൽ വളർത്താനെന്നു പറഞ്ഞു പശുവിനെ വാങ്ങിക്കൊണ്ടുപോയി. പശുവിനെ വിറ്റ വിവരമറിഞ്ഞ പെൺകുട്ടി അപ്പോൾ പ്രതികരിച്ചില്ലെങ്കിലും പിന്നീട് സ്വഭാവത്തിൽ വന്നത് വലിയ മാറ്റം.

അധ്യാപകരുടെ നിർദേശ പ്രകാരം വീട്ടുകാർ കൗൺസലിങ്ങും വിദഗ്ധ ഡോക്ടർമാരുടെ ചികിത്സയും നൽകി. ഒടുവിൽ ഒരു ഡോകട്റുടെ നിർദേശ പ്രകാരം വിറ്റ പശുവിനെ വീണ്ടെടുക്കാൻ കുടുംബം ശ്രമം നടത്തി. അന്വേഷിച്ചിട്ടും മാളുവിനെ കിട്ടാതെ വന്നപ്പോൾ സാദൃശ്യമുള്ള മറ്റൊരു പശുവിനെ വാങ്ങി വീട്ടുകാർ എത്തിച്ചെങ്കിലും തന്റെ പ്രിയപ്പെട്ട പശു അല്ലെന്ന് ഒറ്റനോട്ടത്തിൽ പെൺകുട്ടി കണ്ടെത്തി.

പശുവിനെ വാങ്ങിയ പുത്തൂർ സ്വദേശിയായ കച്ചവടക്കാരന്റെ വീട്ടിലെത്തിയെങ്കിലും വീട്ടുകാരുമായി അദ്ദേഹം സഹകരിച്ചില്ല. പിന്നീട് നടത്തിയ അന്വേഷണത്തിൽ പശുവിനെ ശൂരനാട് വയ്യാങ്കര ചന്തയിൽ വിൽപന നടത്തിയെന്നും ശാസ്താംകോട്ട സ്വദേശിയായ കർഷകൻ വാങ്ങിയെന്നും അറിഞ്ഞു. തുടർന്ന് വീട്ടുകാർ കുന്നത്തൂർ താലൂക്കിലെ വിവിധ ഭാഗങ്ങളിൽ പശുവിനെ കണ്ടെത്താൻ അന്വേഷണം നടത്തി.

ഒടുവിൽ പശുവിനെ ഓച്ചിറ സ്വദേശി വാങ്ങി എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയുടെ സഹോദരൻ ഓച്ചിറയിലെത്തിയത്. ഓച്ചിറയിൽ നടത്തിയ അന്വേഷണത്തിലും മാളു കാണാമറയത്ത് തന്നെയാണ്. ഇനി എന്തു ചെയ്യുമെന്ന് അറിയാതെ കുഴങ്ങുമ്പോഴും എവിടെ നിന്നെങ്കിലും സന്തോഷഭരിതമായ നല്ല വാർത്തയെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം. കാപ്പിപ്പൊടി നിറമുള്ള പശുവാണ് മാളു. ഇടതു വശത്തെ കാതിൽ കമ്മലിട്ടപ്പോൾ ഉണ്ടായ മുറിവിന്റെ കരിഞ്ഞ പാട് ആണ് തിരിച്ചറിയാനുള്ള അടയാളം. 9207311299.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story