വെള്ളത്തിന്റെ പേരിൽ കർഷകർ ഏറ്റുമുട്ടി; പഞ്ചാബിൽ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു
കാർഷിക ആവശ്യത്തിന് വെള്ളം ഉപയോഗിക്കുന്നത് സംബന്ധിച്ച തർക്കത്തിനിടെ വെടിവെപ്പ്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പഞ്ചാബിലെ ഗുർദാസ്പൂരിലാണ് സംഭവം. പ്രദേശവാസികൾ രണ്ട് ചേരികളായി തിരിഞ്ഞ് വെടിയുതിർത്തതോടെ നാലുപേർ മരിച്ചു.
കൃഷിക്കായുള്ള വെള്ളത്തിന് വേണ്ടി ഇവർക്കിടയിൽ തർക്കം നിലനിന്നിരുന്നു. ഇതാണ് സംഘർഷത്തിലും വെടിവെപ്പിലും കലാശിച്ചത്. ശ്രീ ഹർഗോവിന്ദ് പൂരിലെ വിധ്വ ഗ്രാമത്തിലാണ് സംഭവം. പ്രദേശവാസികൾ തന്നെയാണ് രണ്ട് സംഘങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടിയത്.
ഇരു സംഘങ്ങളിൽ നിന്നും രണ്ട് പേർ വീതമാണ് മരിച്ചത്. പരിക്കേറ്റവരെ അമൃത്സറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അറുപത് റൗണ്ടോളം വെടിവെച്ചുവെന്നാണ് റിപ്പോർട്ട്. പ്രദേശവാസികൾക്ക് തോക്കുകൾ എവിടെ നിന്ന് ലഭിച്ചുവെന്നത് വ്യക്തമായിട്ടില്ല. അത്യാധുനിക വിദേശനിർമിത തോക്കുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു വെടിവെപ്പ് നടന്നതെന്ന് പ്രാഥമിക പരിശോധനയിൽ പൊലീസിന്റെ കണ്ടെത്തൽ. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.