മണ്ണിനടിയിൽനിന്ന് 7 പേരുടെ മൃതദേഹം ലഭിച്ചു; അര്‍ജുനായുള്ള തിരച്ചില്‍ ദുഷ്‌കരം; നദിയില്‍ ഒഴുകിപ്പോയോ എന്ന് സംശയം

മണ്ണിനടിയിൽനിന്ന് 7 പേരുടെ മൃതദേഹം ലഭിച്ചു; അര്‍ജുനായുള്ള തിരച്ചില്‍ ദുഷ്‌കരം; നദിയില്‍ ഒഴുകിപ്പോയോ എന്ന് സംശയം

July 19, 2024 0 By Editor

കോട്ടയം: കർണാടകയിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയത് അർജുനടക്കം 10 പേരെന്ന് ഉത്തര കന്ന‍ഡ ഡപ്യൂട്ടി കമ്മിഷണർ ആൻഡ് ജില്ലാ മജിസ്ട്രേറ്റ് ലക്ഷ്മിപ്രിയ. 7 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്നും മൂന്നുപേർക്കായി തിരച്ചിൽ തുടരുന്നെന്നും അദ്ദേഹം പറഞ്ഞു.

ബാക്കിയുള്ളവർ സമീപത്തുള്ള ഗംഗാവാലി നദിയിലേക്ക് ഒഴുകി പോയിട്ടുണ്ടാകുമെന്നാണ് സൂചന. അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറും കെ സി വേണുഗോപാല്‍ എംപി അടക്കമുള്ളവര്‍ ഇടപെട്ടതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ ആക്കാന്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി. ജിപിഎസ് ലൊക്കേഷന്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് തന്നെ ആണെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ പറഞ്ഞു. കനത്ത മഴയായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. വെള്ളത്തിനടിയില്‍ ലോറി ഉണ്ടോ എന്നറിയാന്‍ നാവികസേനയുടെ സഹായം തേടിയിട്ടുണ്ട്. അതിനാൽ തിരച്ചിലിനായി നേവിയുടെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെട്ടു. കര്‍ണാടക ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി ആര്‍ ഹിതേന്ദ്രയോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസ് അറിയിച്ചു. ഏറ്റവും ഒടുവില്‍ റിങ് ചെയ്ത നമ്പര്‍ കര്‍ണാടക സൈബര്‍ സെല്ലിന് കൈമാറി. വിവരങ്ങള്‍ എത്രയും പെട്ടെന്ന് നല്‍കാമെന്ന് പൊലീസ് മുഖ്യമന്ത്രിയെ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ ആക്കാന്‍ പൊലീസിനും അഗ്‌നിശമന സേനയ്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സിദ്ധരാമയ്യയുടെ ഓഫീസ് അറിയിച്ചു.

8 വയസ്സുള്ള കുട്ടിയടക്കം 7 പേരുടെ മൃതദേഹമാണ് ഇതുവരെ സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ഇതിൽ 5 പേർ ഒരു കുടുംബത്തിലെ ആളുകളാണ്. സമീപത്ത് ചായക്കട നടത്തുകയാണ് കുടുംബം. ഇതിനരികിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കടയുടമ ലക്ഷ്മൺ നായികിന്റെയും ഭാര്യ ശാന്തിയുടെയും മകൻ റോഷന്റെയും മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. ഇവരുടെ മറ്റൊരു മകളായ അവന്തികയുടെ മൃതദേഹവും ലക്ഷ്മണിന്റെ മാതാപിതാക്കളിൽ ഒരാളുടെ മൃതദേഹവും മൂന്നു ദിവസത്തിന് ശേഷമാണ് കണ്ടെത്തിയത്. ഗംഗാവേലി നദിക്ക് സമീപത്തുള്ള ഉളവരെ എന്ന പ്രദേശത്താണ് മഴയും മണ്ണിടിച്ചിലും ഏറെ ദുർഘടം വിതച്ചത്. ഇരുപതോളം വീടുകളാണ് ഇവിടെ മഴയിൽ തകർന്നത്.