പ്രണയപ്പക: ഓർഡർ ചെയ്യാതെ പാഴ്സലുകൾ, വിളിക്കാതെ വന്നത് എൺപതോളം ടാക്സികൾ! വട്ടംചുറ്റി യുവതിയും വീട്ടുകാരും

ചെന്നൈ: പ്രണയാഭ്യർഥന നിരസിച്ചതിന്റെ പ്രതികാരമായി ഓൺലൈൻ ആപ്ലിക്കേഷനുകൾ വഴി യുവതിയുടെ വീട്ടിലേക്ക് 2 ദിവസത്തിനുള്ളിൽ എൺപതോളം ടാക്സി കാറുകളും നൂറോളം പാഴ്സലുകളും അയച്ച ആൺകുട്ടി പിടിയിലായി. ഡെലിവറി ആപ്ലിക്കേഷനുകൾ വഴി പാത്രങ്ങൾ, ഭക്ഷണം, വസ്ത്രങ്ങൾ, ടൂത്ത് പേസ്റ്റ് ഉൾപ്പെടെയുള്ളവ പ്രവഹിച്ചപ്പോൾ യുവതിയും വീട്ടുകാരും ആദ്യം പരിഭ്രാന്തരായി. എല്ലാം കാഷ് ഓൺ ഡെലിവറി. താൻ ഓർഡർ ചെയ്യാതെ എത്തിയ ഇവ കൈപ്പറ്റാൻ യുവതി വിസമ്മതിച്ചു.

നൂറോളം സാധനങ്ങൾ നിരസിച്ചതോടെ ഡെലിവറി ഏജന്റുമാരുമായി തർക്കമായി. തുടർന്നു കുടുംബം പൊലീസിൽ പരാതി നൽകി. ഇതോടെ, പാഴ്സലുകൾ വരുന്നതു നിലച്ചു. എന്നാൽ, അടുത്തഘട്ടം ഇതിലും ദുരിതമായിരുന്നു. യുവതിയുടെ വീട്ടിലേക്ക് വിവിധ ഓൺലൈൻ ടാക്സി കമ്പനികളുടെ കാറുകൾ ബുക്ക് ചെയ്തു.

2 ദിവസത്തിനുള്ളിൽ എൺപതോളം ടാക്സി ഡ്രൈവർമാർ വീട് അന്വേഷിച്ചെത്തിയതോടെ കുടുംബം വീണ്ടും സൈബർ ക്രൈം പൊലീസിനെ സമീപിച്ചു. ബുക്കിങ്ങിന് ഉപയോഗിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് അയൽവാസിയായ 17 വയസ്സുകാരൻ പിടിയിലായത്. ഇയാളുടെ പ്രണയാഭ്യർഥന യുവതി നിരസിക്കുകയും ശല്യം ചെയ്തതിനു പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പ്രതികാരമായാണ് ഇങ്ങനെ ചെയ്തതെന്ന് കുട്ടി സമ്മതിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ഐടി നിയമത്തിലെയും 3 വകുപ്പുകൾ പ്രകാരം കേസെടുത്തു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story