
ഫിനാന്‍സ് സൗകര്യം: സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡെയിംലര്‍ ഇന്ത്യ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സുമായി കൈകോര്‍ക്കുന്നു
August 10, 2024കൊച്ചി: ഭാരത്‌ബെന്‍സ് ഡീലര്‍മാര്‍ക്ക് ഫിനാന്‍സ് ലഭ്യമാക്കുന്നതിനായി മുന്‍നിര സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡെയിംലര്‍ ഇന്ത്യ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഇതുപ്രകാരം, ഭാരത്‌ബെന്‍സിന്റെ മുഴുവന്‍ വാണിജ്യ വാഹന മോഡലുകള്‍ക്കും ലളിതമായ വ്യവസ്ഥയിലൂടെയും ഡീലര്‍മാരുടെ ആവശ്യമനുസരിച്ചും ഫിനാന്‍സ് സൗകര്യം ലഭ്യമാകും. വാഹന വിപണന രംഗത്ത് മുന്‍നിരയിലുള്ള ഡെയിംലര്‍ ഇന്ത്യ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സുമായി കൈകോര്‍ക്കുന്നതിലൂടെ മിതമായ വായ്പാ ഈട് വ്യവസ്ഥകള്‍, മെച്ചപ്പെട്ട പലിശാനിരക്ക്, കാര്യക്ഷമമായ ക്രെഡിറ്റ് പ്രോസസ്സിംഗ് എന്നിവയിലൂടെ ഡീലര്‍ഷിപ്പ് പിന്തുണ ശക്തിപ്പെടുത്തുന്നതിനാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ലക്ഷ്യമിടുന്നത്.
‘ഡെയിംലര്‍ ഇന്ത്യ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സുമായി പങ്കാളികളാവാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ട്. ഞങ്ങളുടെ വ്യത്യസ്ത സാമ്പത്തിക സേവനങ്ങളിലൂടെ ഡീലര്‍മാര്‍ക്ക് സൗകര്യപ്രദവും സമഗ്രവുമായ സാമ്പത്തിക പരിഹാരങ്ങള്‍ നല്‍കാനുള്ള ഞങ്ങളുടെ ശ്രമമാണിത്. ഈ പങ്കാളിത്തം രണ്ട് ഓര്‍ഗനൈസേഷനുകളുടെയും ബിസിനസ് ആവശ്യങ്ങള്‍ നിറവേറ്റുമെന്നും നല്ല സ്വാധീനം സൃഷ്ടിക്കുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു’ സൗത്ത് ഇന്ത്യന്‍ ബാങ്ക് സീനിയര്‍ ജനറല്‍ മാനേജറും ഗ്രൂപ്പ് ബിസിനസ് മേധാവിയുമായ ബിജി എസ്.എസ്. പറഞ്ഞു.
‘രാജ്യത്തുടനീളമുള്ള ഡീലര്‍മാരുടെ ആവിശ്യങ്ങള്‍ക്കനുസൃതമായി ഫിനാന്‍സ് സൗകര്യം ഏര്‍പ്പെടുത്താന്‍ സൗത്ത് ഇന്ത്യന്‍ ബാങ്കുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഫിനാന്‍സിംഗ് സേവനങ്ങള്‍ ലഭ്യമാകുക എന്നത് ഡീലര്‍മാരുടെ വിജയത്തിന് നിര്‍ണായകമാണ്. ഈ സഹകരണം ഫിനാന്‍സിംഗ് ഓപ്ഷനുകള്‍ ലളിതമാക്കുകയും ഞങ്ങളുടെ ഡീലര്‍മാരുടെ ബിസിനസ്സ് ലക്ഷ്യങ്ങള്‍ നേടുന്നതിന് ശാക്തീകരിക്കുകയും ചെയ്യുന്നു’ ഡെയിംലര്‍ ഇന്ത്യ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് പ്രസിഡന്റും ചീഫ് ബിസിനസ് ഓഫീസറുമായ ശ്രീറാം വെങ്കട്ടേശ്വരന്‍ പറഞ്ഞു.
ഭാരത് ബെന്‍സിന്റെ 10 മുതല്‍ 55 ടണ്‍ വരെ ഭാരം വരുന്ന ട്രക്കുകള്‍, ബസ്സുകള്‍, കോച്ചുകള്‍ തുടങ്ങിയവ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന കമ്പനിയാണ് ഡെയിംലര്‍ ഇന്ത്യ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ്. ഇന്ത്യയിലുടനീളം 350-ലധികം ടച്ച് പോയിന്റുകളുള്ള മികച്ച ഉല്‍പ്പന്നങ്ങളും സേവനങ്ങളുമാണ് കമ്പനി നല്‍കി വരുന്നത്.
സൗത്ത് ഇന്ത്യന്‍ ബാങ്ക് സീനിയര്‍ ജനറല്‍ മാനേജറും ഗ്രൂപ്പ് ബിസിനസ് മേധാവിയുമായ ബിജി എസ്.എസ്., കോര്‍പ്പറേറ്റ് ബിസിനസ് ഗ്രൂപ്പ് സോണല്‍ ബിസിനസ് ഹെഡ് കാര്‍ത്തിക എസ്, ഡെയിംലര്‍ ഇന്ത്യ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് എവിപി- സിവി ഫിനാന്‍സിങ്ങ് ആന്റ് ഇന്‍ഷൂറന്‍സ് ഷാരണ്‍ റാവു, എവിപി ബിസിനസ് ഫിനാന്‍സ് സെയില്‍സ് ഇന്ത്യ റിഷഭ് ഷാന്‍ഡില്യ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.