സൂചിപ്പാറയിൽ നിന്ന് നാല് മൃതദേഹങ്ങൾ സുൽത്താൻബത്തേരിയിലെത്തിച്ചു
കൽപ്പറ്റ: സൂചിപ്പാറയിൽ സന്നദ്ധപ്രവർത്തകർ കഴിഞ്ഞ ദിവസം കണ്ടെത്തിയ നാല് മൃതദേഹങ്ങൾ എയർ ലിഫ്റ്റ് ചെയ്തു. ഹെലികോപ്ടറിൽ നാല് മൃതദേഹങ്ങളും ബത്തേരിയിൽ എത്തിച്ചു. വെള്ളിയാഴ്ച തന്നെ മൃതദേഹങ്ങൾ എയർ ലിഫ്റ്റ് ചെയ്യുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല.
കഴിഞ്ഞ ദിവസം മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്യാത്തതിൽ വിശദീകരണവുമായി വയനാട് ജില്ലാ കലക്ടർ രംഗത്തെത്തിയിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാലാണ് മൃതദേഹം എയർലിഫ്റ്റ് ചെയ്യാതിരുന്നതെന്നാണ് വിശദീകരണം.
നാല് മൃതദേഹങ്ങളാണ് വെള്ളിയാഴ്ച തിരച്ചിലിനിടെ സൂചിപ്പാറയിൽ കണ്ടെത്തിയത്. വൈകീട്ടോടെ ഹെലികോപ്റ്റർ എത്തിയെങ്കിലും മൃതദേഹം എടുക്കാതെയാണ് രക്ഷാപ്രവർത്തകരുമായി മടങ്ങിയത്.
കവറുകൾ താഴേക്കിട്ട് മൃതദേഹങ്ങൾ പാക്ക് ചെയ്തുവെക്കണമെന്നാണ് ഹെലികോപ്റ്ററിൽ നിന്ന് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തകർക്ക് നൽകിയ നിർദേശം. ഇത്രയും ദിവസമായതിനാൽ ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹങ്ങൾ.