
കരസേനയിൽ എൻജിനീയറിങ് ബിരുദക്കാർക്ക് ഓഫിസറാകാം
January 29, 2025
കരസേനയിൽ എൻജിനീയറിങ് ബിരുദക്കാർക്കും മറ്റും ഷോർട്ട് സർവിസ് എൻട്രിയിലൂടെ ലഫ്റ്റനന്റ് പദവിയിൽ ഓഫിസറാകാം. 2025 ഒക്ടോബറിലാരംഭിക്കുന്ന 65ാമത് ഷോർട്ട് സർവിസ് കമീഷൻ (എസ്.എസ്.സി) ടെക്-മെൻ, 36ാമത് എസ്.എസ്.സി ടെക്-വിമെൻ കോഴ്സിലേക്കാണ് തിരഞ്ഞെടുപ്പ്. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കുമാണ് അവസരം. ഡിഫൻസ് ജീവനക്കാരുടെ വിധവകളെയും പരിഗണിക്കും.
ഒഴിവുകൾ: എൻജിനീയറിങ് സ്ട്രീമുകളിലും മറ്റുമായി ആകെ 379 ഒഴിവുകളുണ്ട്. എസ്.എസ്.സി ടെക്മെൻ ഓരോ സ്ട്രീമിലും ലഭ്യമായ ഒഴിവുകൾ -സിവിൽ -75, കമ്പ്യൂട്ടർ സയൻസ് -60, ഇലക്ട്രിക്കൽ 33, ഇലക്ട്രോണിക്സ് 64, മെക്കാനിക്കൽ 101, മറ്റ് ശാഖകൾ 17; എസ്.എസ്.സി വിമെൻ-ടെക് -സിവിൽ -7, കമ്പ്യൂട്ടർ സയൻസ് -4, ഇലക്ട്രിക്കൽ -3, ഇലക്ട്രോണിക്സ് -6, മെക്കാനിക്കൽ -9.
ഡിഫൻസ് ജീവനക്കാരുടെ വിധവകൾക്ക് എസ്.എസ്.സി വിമെൻ ടെക് വിഭാഗത്തിൽ ഒരൊഴിവും നോൺടെക് നോൺ യു.വി.എസ്.സി വിഭാഗത്തിൽ ഒരൊഴിവും നീക്കിവെച്ചിട്ടുണ്ട്. നോൺടെക് വിഭാഗത്തിലേക്ക് ഏതെങ്കിലും സ്ട്രീമിൽ ബിരുദം മതിയാകും.
വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.joinindianarmy.nic.inൽ.
യോഗ്യത: നിർദിഷ്ട/അനുബന്ധ സ്ട്രീമുകളിൽ എൻജിനീയറിങ് ബിരുദം. അവസാന വർഷ വിദ്യാർഥികളെയും പരിഗണിക്കും. 2025 ഒക്ടോബർ ഒന്നിനകം യോഗ്യത തെളിയിച്ചാൽ മതി. ആർക്കിടെക്ചർ ബിരുദക്കാർക്കും സിവിൽ സ്ട്രീമിലേക്ക് അപേക്ഷിക്കാം.
കമ്പ്യൂട്ടർ സ്ട്രീമിലേക്ക് എം.എസ് സി കമ്പ്യൂട്ടർ സയൻസ്/ഐ.ടിക്കാർക്കും ഇലക്ട്രോണിക്സ് സ്ട്രീമിലേക്ക് എം.എസ് സി ഇലക്ട്രോണിക്സ്/കമ്യൂണിക്കേഷൻ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
പ്രായപരിധി 1.10.2025ൽ 20-27 വയസ്സ്. ഡിഫൻസ് ജീവനക്കാരുടെ വിധവകൾക്ക് 35 വയസ്സുവരെയാകാം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും വിജ്ഞാപനത്തിലുണ്ട്.
വെബ്സൈറ്റിൽ ഓൺലൈനായി ഫെബ്രുവരി അഞ്ചിന് വൈകീട്ട് മൂന്നുമണിവരെ അപേക്ഷ സമർപ്പിക്കാം. ഷോർട്ട് ലിസ്റ്റ് ചെയ്ത് എസ്.എസ്.ബി അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയാറാക്കിയാണ് നിയമനം. ശമ്പള നിരക്ക് 56,100-1,77,500 രൂപ. പ്രതിവർഷം ഏകദേശം 17-18 ലക്ഷം രൂപ ശമ്പളം ലഭിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2025 ഒക്ടോബർ മുതൽ 2026 സെപ്റ്റംബർ വരെ 49 ആഴ്ചത്തെ പരിശീലനം നൽകും. ഓഫിസർ ട്രെയിനിങ് അക്കാദമി ഗയയിൽ വെച്ചാണ് പരിശീലനം. തുടർന്ന് 10-14 വർഷത്തേക്കാണ് എസ്.എസ്.സി നിയമനം.
10 വർഷത്തിനുശേഷം സ്ഥിരനിയമനം ലഭിക്കാവുന്നതാണ്. നിരവധി ആനുകൂല്യങ്ങളും ഉദ്യോഗക്കയറ്റ സാധ്യതയുമുണ്ട്.