
ദുബൈയിൽനിന്ന് സുഹൃത്തിന്റെ വിവാഹത്തിന് എത്തിയ യുവാവ് അപകടത്തിൽ മരിച്ചു
February 5, 2025
അങ്കമാലി: ദുബൈയിൽ നിന്ന് സുഹൃത്തിന്റെ വിവാഹത്തിനെത്തിയ യുവാവ് ദേശീയപാത എളവൂർ കവലയിൽ വാഹനാപകടത്തിൽ മരിച്ചു. പാറക്കടവ് എളവൂർ പുതുശ്ശേരി വീട്ടിൽ വീട്ടിൽ കൊച്ചപ്പന്റെ മകൻ ജോസഫാണ് (29) മരിച്ചത്. ചൊവ്വാഴ്ച രാത്രി എളവൂർ കവലയിലെ യു ടേണിലാണ് അപകടം. അതു വഴി വന്ന യാത്രക്കാരാണ് ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് റോഡിൽ അവശനിലയിലായ ജോസഫിനെ കണ്ടത്. ഉടനെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അങ്കമാലിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. യു ടേൺ തിരിയാൻ ബൈക്ക് വേഗത കുറച്ചപ്പോൾ പിറകിൽ വന്ന പിക്കപ് വാനിടിച്ചാണ് അപകടമുണ്ടായതെന്നാണ് പൊലീസ് നൽകുന്ന സൂചന. അപകടത്തിനിടയാക്കിയ വാഹനം നിർത്താതെ പോയി. വാഹനം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം അങ്കമാലി താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.
സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് ഇടവക പള്ളി സെമിത്തേരിയിൽ. അമ്മ: ഫിലോമിന. സഹോദരി: മരിയ.