
വിജ്ഞാന ആലപ്പുഴ; മെഗാ തൊഴിൽമേള 15ന്
February 13, 2025ആലപ്പുഴ: ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ 72 പഞ്ചായത്തുകളും 12 ബ്ലോക്ക് പഞ്ചായത്തുകളും ആറ് നഗരസഭകളും ചേർന്ന് നടത്തുന്ന വിജ്ഞാന ആലപ്പുഴ മെഗ തൊഴിൽമേള ശനിയാഴ്ച ആലപ്പുഴ എസ്.ഡി കോളേജിൽ നടക്കും.
രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനംചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും. മന്ത്രി സജി ചെറിയാൻ തൊഴിൽമേളയുടെ ജില്ലതല ഉദ്ഘാടനവും മന്ത്രി പി. പ്രസാദ് കമ്പനികളുടെ നിയമന ഉത്തരവ് വിതരണോദ്ഘാടനവും എച്ച്. സലാം എം.എൽ.എ വിവിധ ഉപഹാര വിതരണവും പി.പി. ചിത്തരഞ്ജൻ എം.എൽ.എ സർട്ടിഫിക്കറ്റ് വിതരണവും നടത്തും. പ്രധാനവേദിയായ എസ്.ഡി കോളജിനെകൂടാതെ യൂനിവേഴ്സിറ്റി ഇൻഫർമേഷൻ സെന്റർ, ഗവ. യു.പി സ്കൂൾ കളർകോട് എന്നിവിടങ്ങളും വേദികളാണ്.
അവസരങ്ങൾ തുറന്നിട്ട് 170 കമ്പനികൾ
വെർച്വൽ ഇൻറർവ്യൂ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10ന് എസ്.ഡി കോളജ് സുവർണജൂബിലി ഹാളിൽ മന്ത്രി എം.ബി രാജേഷ് ഓൺലൈനായി നിർവഹിക്കും. ഓൺലൈൻ ഇന്റർവ്യൂവിന് ആലപ്പുഴയിൽ കൂടാതെ എല്ലാ ജില്ലകളിലും കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. 70 കമ്പനികൾ ഓൺലൈൻ അഭിമുഖത്തിൽ പങ്കാളിയാവും. ഇതുവരെ അപേക്ഷ നൽകാത്താവർക്ക് സ്പോട്ട് രജിസ്ട്രേഷനുള്ള അവസരമുണ്ട്. ദേശീയവും അന്തർദേശീയവുമായ നൂറുകമ്പനികൾക്ക് പുറമേ പ്രാദേശികമായി കണ്ടെത്തിയ 70 കമ്പനികളും മേളയുടെ ഭാഗമാകും.
യാത്രാസൗകര്യവുമായി കെ.എസ്.ആർ.ടി.സി
ഉദ്യോഗാർഥികൾക്ക് വിപുലമായ യാത്രസൗകര്യമൊരുക്കാൻ കെ.എസ്.ആർ.ടി.സിയും. ജില്ലയിലെയും മറ്റിടങ്ങളിൽനിന്നും തൊഴിൽമേളയിലേക്ക് എത്താനും മടങ്ങാനും ആവശ്യമായ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. കരുനാഗപ്പള്ളി, ചെങ്ങന്നൂർ, കായംകുളം, ഹരിപ്പാട്, മാവേലിക്കര, ചേർത്തല, കോട്ടയം, വൈക്കം തുടങ്ങിയ പ്രധാന സ്റ്റാൻഡുകളിൽനിന്ന് ആലപ്പുഴയിലേക്ക് സർവിസുണ്ടാകും. രാവിലെ ഒമ്പതിന് എത്തുന്ന നിലയിലാണ് കെ.എസ്.ആർ.ടി.സി അധിക ബസ് സർവിസ് നടത്തുന്നത്. വൈകീട്ട് അഞ്ചിന് ആലപ്പുഴയിൽനിന്ന് തിരിച്ചും സർവിസുകളുണ്ടാകും. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, നഗരസഭ പ്രദേശത്ത് നിന്ന് ചാർട്ടേഡ് ട്രിപ്പുകൾ ക്രമീകരിക്കാൻ ബജ്റ്റ് ടൂറിസം സെല് ആലപ്പുഴ ജില്ല കോഓഡിനേറ്റർ ഷെഫീക്കിനെ ചുമതലപ്പെടുത്തി. ഫോൺ: 9846475874.
ഓൺലൈൻ അഭിമുഖം ഇന്ന്
വിജ്ഞാന ആലപ്പുഴ മെഗാതൊഴിൽമേളയുടെ ഭാഗമായി ഐ.ടി.ഐ യോഗ്യതയുള്ള പുരുഷന്മാർക്ക് എൽ.ആൻഡ്. ടി കമ്പനിയിലേക്ക് നടത്തുന്ന അഭിമുഖം ഇന്ന് വ്യാഴാഴ്ച ഓൺലൈനായി നടക്കും. ട്രെയിനി ഒഴിവിലേക്ക് ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലാണ് നിയമനം. ഐ.ടി.ഐ പാസായ 18നും 30നും ഇടയിൽ പ്രായമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. 5000 ഒഴിവുകളാണുള്ളത്. ഇലക്ട്രീഷ്യൻ, പ്ലംബിങ് ആൻഡ് സാനിറ്ററി, ബാർ ബെൻഡിങ് ആൻഡ് സ്റ്റീൽ ഫിക്സിങ്, വെൽഡിങ് തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം. 15,000 രൂപ മുതൽ 25000 രൂപവരെയാണ് ശമ്പളം. താൽപര്യമുള്ള ഉദ്യോഗാർഥികൾ ജില്ല പഞ്ചായത്ത് ഹാൾ, ബ്ലോക്ക് പഞ്ചായത്തുകൾ, നഗരസഭകൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ജോബ് സ്റ്റേഷനിൽ നേരിട്ടെത്തി ഓൺലൈൻ അഭിമുഖത്തിൽ പങ്കെടുക്കണം. രാവിലെ 10 മുതൽ വൈകിട്ട് മൂന്നുവരെയാണ് അഭിമുഖം. ഫോൺ: 7012538517.
കാത്തിരിക്കുന്നത് വൻ ഒഴിവുകൾ
നൂറിലധികം കമ്പനികളിലായി നാലുലക്ഷത്തോളം ഒഴിവുകളാണ് ഉദ്യോഗാർഥികളെ കാത്തിരിക്കുന്നത്. പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിവിധ യോഗ്യതകൾക്കനുസരിച്ചാണ് തൊഴിലവസരങ്ങൾ. ജില്ലയിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് സംസ്ഥാനത്തിന് അകത്തും പുറത്തും തൊഴിലവസരങ്ങൾ ലഭ്യമാക്കുക, നൈപുണ്യവികസനം നൽകി അവരെ തൊഴിലിലേക്ക് സജ്ജമാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാന സർക്കാർ, കേരള നോളജ് ഇക്കോണമി മിഷൻ, കെ-ഡിസ്ക്, കുടുംബശ്രീ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. തൊഴിൽമേളക്കായി ഒരുക്കിയ ഡി.ഡബ്ല്യൂ.എം.എസ് പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. പിന്നീട് തൊഴിലന്വേഷകരെ ജില്ല പഞ്ചായത്തിൽനിന്ന് ബന്ധപ്പെടും. ഇതുവരെ അറിയിപ്പ് ലഭിക്കാത്തവർ ബന്ധപ്പെടുക. ഫോൺ: 9496554069.