ഭാവഭേദമില്ലാതെ അഫാൻ; സൽമാബീവിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി; ചുറ്റിക വാങ്ങിയ കടയിലും തെളിവെടുപ്പിനെത്തിക്കും

ഭാവഭേദമില്ലാതെ അഫാൻ; സൽമാബീവിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

March 7, 2025 0 By eveningkerala

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാനെ കൊല്ലപ്പെട്ട സൽമാ ബീവിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കനത്ത സുരക്ഷയിലാണ് പാങ്ങോടുള്ള വീട്ടിലെത്തിച്ച് തെളിവെടുത്തത്.

പിതൃമാതാവായ സൽമാബീവിയെ കൊലപ്പെടുത്തിയ കേസിൽ അഫാനെ മൂന്ന് ദിവസത്തേക്ക് പാങ്ങോട് പൊലീസിന്‍റെ കസ്റ്റഡിയിൽ വിട്ടിരുന്നു. സൽമാബീവിയുടെ ആഭരണങ്ങൾ പണയംവെച്ച വെഞ്ഞാറമൂടിലുള്ള ധനകാര്യ സ്ഥാപനത്തിലും പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തും. അതിന് ശേഷമായിക്കും മറ്റ് നാല് പേരെ കൊലപ്പെടുത്തിയ കേസിലെ നടപടിക്രമങ്ങൾ ആരംഭിക്കുക. വെഞ്ഞാറമൂട്, പാലോട് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് കൊലപാതകങ്ങൾ നടന്നത്.

തെളിവെടുപ്പിന് എത്തിച്ചപ്പോഴും ഒരുതരത്തിലുമുള്ള ഭാവഭേദവും ഇല്ലാതെയാണ് അഫാൻ അന്വേഷണ സംഘത്തിന് കാര്യങ്ങൾ വിവരിച്ച് നൽകിയത്. അഫാൻ കൊലക്ക് ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലും തെളിവെടുപ്പ് നടത്തും. നേരത്തെ അഫാന്‍റെ വക്കാലത്തിൽനിന്ന് അഡ്വക്കറ്റ് കെ. ഉവൈസ് ഖാൻ ഒഴിഞ്ഞിരുന്നു. ആര്യനാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായ ഉവൈസ് ഖാൻ കേസ് ഏറ്റെടുത്തതിനെതിരെ കെ.പി.സി.സിക്ക് പരാതി കിട്ടിയിരുന്നു. വക്കീലിന്‍റെ നീക്കം കോൺഗ്രസിന് അവമതിപ്പുണ്ടാക്കിയെന്നും കേസിൽ ഹാജരാകുന്നതിൽ നിന്ന് വിലക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം വൈസ് പ്രസിഡന്റ് സൈതലിയാണ് പരാതി നൽകിയത്. ഇതിനു പിന്നാലെയാണ് വക്കാലത്തൊഴിഞ്ഞത്.

വെള്ളിയാഴ്ച രാവിലെ ആറരയോടെ അഫാൻ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തല കറങ്ങി വീണിരുന്നു. ആത്മഹത്യ ശ്രമമാണെന്ന സംശയം ആദ്യം ഉണ്ടായിരുന്നതെങ്കിലും രക്തസമ്മർദം കുറഞ്ഞതാണെന്ന് ഡോക്ടർ പറഞ്ഞു. ജയിലിൽ കഴിഞ്ഞപ്പോൾ അഫാൻ കൃത്യമായി ഉറങ്ങാറുണ്ടായിരുന്നില്ല. വല്ലാതെ അസ്വസ്ഥത പ്രകടിപ്പിച്ച ഇയാൾ മറ്റൊരു മാനസിക നിലയിലാണുള്ളതെന്ന് ജയിലുദ്യോഗസ്ഥർ അറിയിച്ചിരുന്നു. ആത്മഹത്യ ചെയ്യാൻ സാധ്യതയുള്ളതിനാൽ കനത്ത സുരക്ഷയിലായിരുന്നു അഫാനെ ജയിലിൽ പാർപ്പിച്ചത്.