കൊള്ളാവുന്നത് മുഖ്യമന്ത്രി മാത്രം, മറ്റു മന്ത്രിമാരൊന്നും അത്ര പോരാ’; എം.വി ഗോവിന്ദനും നിരാശപ്പെടുത്തിയെന്ന് വിമർശനം

കൊള്ളാവുന്നത് മുഖ്യമന്ത്രി മാത്രം, മറ്റു മന്ത്രിമാരൊന്നും അത്ര പോരാ’; എം.വി ഗോവിന്ദനും നിരാശപ്പെടുത്തിയെന്ന് വിമർശനം

March 7, 2025 0 By eveningkerala

കൊല്ലം: മന്ത്രിമാരുടെ പ്രകടനം മോശമാണെന്നും മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാർ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്നും സി.പി.എം സംസ്ഥാന സമ്മേളനത്തിൽ വിമർശനം.

സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള പൊതുചര്‍ച്ചയിലാണ് പത്തനംതിട്ട നിന്നുള്ള പ്രതിനിധി വിമർശനം ഉന്നയിച്ചത്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രകടനത്തിലും അതൃപ്തിയുണ്ട്.

ടീം വര്‍ക്കില്ലെന്നും സംസ്ഥാന കമ്മിറ്റി കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടതുണ്ടെന്നും കുറ്റപ്പെടുത്തലുണ്ടായി. മെറിറ്റും മൂല്യവും എപ്പോഴും പാർട്ടി സെക്രട്ടറി പറയാറുണ്ട്. എന്നാല്‍, എങ്ങനെയാണ് മെറിറ്റ് നിശ്ചയിക്കുക? പ്രാതിനിധ്യം നോക്കിയാല്‍ ഒരു ജില്ലയുടെ ആധിപത്യമാണ് കാണുന്നത്. സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ത്തന്നെ നഞ്ച് കലക്കുന്ന പോലെ ചില തീരുമാനങ്ങളും ഉണ്ടാകുന്നു.

ആശാവര്‍ക്കര്‍മാരുടെ സമരം നടക്കുമ്പോള്‍ തന്നെയാണ് പി.എസ്.സി മെമ്പര്‍മാരുടെ ശമ്പളം വലിയ തോതില്‍ വര്‍ധിപ്പിക്കുന്ന തീരുമാനം ഉണ്ടായതെന്ന കുറ്റപ്പെടുത്തലുമുണ്ടായി.

വിമര്‍ശനങ്ങളില്‍ മുഖ്യമന്ത്രി ഒറ്റപ്പെടുന്നുവെന്നും, മന്ത്രിമാര്‍ കൂട്ടായി പ്രതിരോധിക്കാത്തത് എതിരാളികള്‍ക്ക് അനുകൂലമാകുന്നുവെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

അതേസമയം, സെക്രട്ടറി അവതരിപ്പിച്ച അവലോകന റിപ്പോര്‍ട്ടില്‍ മന്ത്രി സജി ചെറിയാന്‍ വാക്കുകള്‍ ഉപയോഗിക്കുന്നതിലെ സൂക്ഷ്മതക്കുറവ് പാര്‍ട്ടിക്ക് ദോഷമുണ്ടാക്കിയെന്നും വിമർശനം ഉയർന്നു. വമ്പൻ വ്യവസായങ്ങൾക്കു പുറകെ പോകുമ്പോൾ അടിസ്ഥാന വിഭാഗങ്ങളെ മറക്കരുതെന്നും ഈ രീതി തുടരാൻ കഴിയില്ലെന്നും പൊതുചർച്ചയിൽ പ്രതിനിധികൾ പറഞ്ഞു.