യാസിറിന്റെ ലൈംഗിക വൈകൃതത്തിന് ഇര, നേരിട്ടത് ക്രൂര പീഡനം; ഷിബില അനുഭവിച്ചത് പുറത്തുപറയാൻ കഴിയാത്ത കാര്യങ്ങൾ

യാസിറിന്റെ ലൈംഗിക വൈകൃതത്തിന് ഇര, നേരിട്ടത് ക്രൂര പീഡനം; ഷിബില അനുഭവിച്ചത് പുറത്തുപറയാൻ കഴിയാത്ത കാര്യങ്ങൾ

March 21, 2025 0 By Editor

കോഴിക്കോട്: ഈങ്ങാപ്പുഴയിൽ ഭർത്താവ് ക്രൂരമായി ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കക്കാട് സ്വദേശി ഷിബിലയെയാണ് ഭർത്താവ് യാസിർ കൊന്നത്. ഇയാൾ യുവതിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. പലപ്പോഴും യാസിർ കത്തി കാണിച്ചായിരുന്നു ഷിബിലയെ ഭീഷണിപ്പെടുത്തിയിരുന്നത്. മദ്യപിച്ച് സ്ഥിരം വീട്ടിലെത്തുന്ന പ്രതി ഭാര്യയെ മർദ്ദിക്കാറുണ്ടായിരുന്നു. ഇതിനുപുറമേ പുറത്ത് പറയാൻ കഴിയാത്ത പല കാര്യങ്ങളും ഷിബില അനുഭവിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.

അർദ്ധരാത്രി പലപ്പോഴും യാസിർ വീട്ടിൽ നിന്നും ഇറങ്ങിപ്പോകും, ഇതേക്കുറിച്ച് ഷിബില ചോദിക്കുമ്പോൾ മറുപടി നൽകിയിരുന്നില്ല. യാസിറിന്റെ ലൈംഗിക വൈകൃതത്തിനും ഷിബില ഇരയാകേണ്ടി വന്നതായും വിവരമുണ്ട്. മുൻപ് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഷിബിലയേയും യാസിറിനേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. യാസിറിന്റെ കൂടെ പോകാനാകില്ലെന്നാണ് അന്ന് ഷിബില പറഞ്ഞത്. സ്റ്റേഷനിൽ നിന്നിറങ്ങിയ ശേഷം ഷിബില കൂടെയുണ്ടായിരുന്ന സാമൂഹിക പ്രവർത്തകയോട് ലൈംഗിക വൈകൃതത്തിന് ഇരയാകേണ്ടി വരുന്ന കാര്യം വെളിപ്പെടുത്തിയിരുന്നു.

മകളുടെ മുൻപിൽ വച്ചാണ് യാസിർ യുവതിയെ ക്രൂരമായി കൊന്നത്. അത് കണ്ട ഞെട്ടലിൽ നിന്ന് കുട്ടി ഇതുവരെയായിട്ടും മോചിതയായിട്ടില്ല. ഈ കുട്ടിയെ വളർത്താനും സുരക്ഷിതമായി ജീവിക്കാനും സംരക്ഷണം വേണം എന്നും ഷിബിലയുടെ ബന്ധുക്കൾ പറയുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. നോമ്പുതുറക്കുന്ന സമയത്ത് സ്വന്തം കാറിലാണ് യാസിർ ഷിബിലയുടെ വീട്ടിലെത്തിയത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഷിബിലയുടെ കഴുത്തിലേക്ക് കത്തി കുത്തിയിറക്കുകയായിരുന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്. കഴുത്തിലെ രണ്ട് മുറിവുകൾ ആഴത്തിലുള്ളതാണെന്നും ശരീരത്തിൽ ആകെ 11 മുറിവുകളുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.