
പുലർച്ചെ രണ്ടുമണിക്ക് അമ്മക്ക് വിഡിയോ സന്ദേശം, ‘ജോലി സമ്മർദ്ദം താങ്ങാനാകുന്നില്ല’; കോട്ടയം കഞ്ഞിക്കുഴിയിൽ യുവാവ് ഫ്ലാറ്റിൽ നിന്നും ചാടി ജീവനൊടുക്കി
April 6, 2025കോട്ടയം: കോട്ടയം കഞ്ഞിക്കുഴിയിൽ യുവാവ് ഫ്ലാറ്റിൽ നിന്നും ചാടി ജീവനൊടുക്കി. എറണാകുളത്തെ ഐ.ടി കമ്പനിയിൽ സോഫ്റ്റ് വെയർ എൻജിനീയറായ റാന്നി സ്വദേശി ജേക്കബ് തോമസ് (23) ആണ് മരിച്ചത്. ജോലി സമ്മർദ്ദം താങ്ങാനാവാതെ ജീവനൊടുക്കിയെന്നാണ് റിപ്പോർട്ട്.
ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെ താമസിക്കുന്ന ഫ്ലാറ്റിൽ നിന്നും ചാടുകയായിരുന്നു. കാക്കനാട് ലിൻവോയ്സ് ടെക്നോളജീസ് എന്ന കമ്പനിയിൽ ജോലി ചെയ്യുന്ന ജേകബ് തോമസ് ജോലി സമ്മർദം താങ്ങാനാവുന്നില്ലെന്ന് മാതാപിതാക്കളോട് നിരവധി തവണ പറഞ്ഞിരുന്നു.
ഞായറാഴ്ച പുലർച്ചെ രണ്ട് മണിക്ക് ഇതുമായി ബന്ധപ്പെട്ട വിഡിയോ സന്ദേശം മാതാവിന് അയച്ചിരുന്നു. ജോലിസമ്മര്‍ദ്ദം താങ്ങാന്‍ ആകുന്നില്ലെന്നാണ് ഈ വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് ജേക്കബ് തോമസ് ജീവനൊടുക്കുന്നത്.
നാല് മാസം മുൻപാണ് ജേക്കബ് തോമസ് ഈ കമ്പനിയിൽ ജോലിക്ക് കയറുന്നത്. ഉറങ്ങാൻ പോലും സാധിക്കാത്ത രീതിയിലുള്ള ജോലി സമ്മർദ്ദം ഉണ്ടായിരുന്നതായി കുടുംബം പറയുന്നു. സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.