ദിവാകരന്‍ കൊലകേസ്: സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധശിക്ഷ

April 21, 2018 0 By Editor

ചേര്‍ത്തല: ചേര്‍ത്തലയില്‍ കോണ്‍ഗ്രസ് നേതാവ് ദിവാകരനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി ആര്‍ ബൈജുവിന് വധശിക്ഷ.കേസിലെ മറ്റ് അഞ്ച് പ്രതികള്‍ക്ക് ജീപപര്യന്തം തടവ് വിധിച്ചു. ആലപ്പുഴ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

വി.സുജിത് (മഞ്ജു38), എസ്.സതീഷ് കുമാര്‍ (കണ്ണന്‍38), പി.പ്രവീണ്‍ (32), എം.ബെന്നി (45),എന്‍.സേതുകുമാര്‍ (45), എന്നിവരെയാണ് ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. കേസില്‍ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി അടക്കം ആറു പ്രതികള്‍ കുറ്റക്കാരാണെന്ന് ആലപ്പുഴ ഫാസ്റ്റ് ട്രാക്ക് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

2009 നവംബര്‍ 29നാണ് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് കെ.എസ്.ദിവാകരനു നേരെ ആക്രമണമുണ്ടായത്. കയര്‍ തടുക്ക വില്‍പ്പന സംബന്ധിച്ച തര്‍ക്കമാണു ആക്രമണത്തിലും പിന്നീടു മരണത്തിലും കലാശിച്ചത്. തലയ്ക്ക് അടിയേറ്റ ദിവാരകരന്‍ ഡിസംബര്‍ ഒന്‍പതിനു മരിച്ചു.

വ്യാജ വീസ കേസില്‍ നേരത്തെ അറസ്റ്റിലായിട്ടുള്ള ബൈജു ഇപ്പോള്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലാണ്. യുവനടിയുടെ ഡ്രൈവറായ സേതുകുമാര്‍ എറണാകുളത്ത് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ പ്രതിയാണ്.ഇതേ കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞതിനുശേഷം ബാറില്‍ ആക്രമണം നടത്തിയ കേസില്‍ അറസ്റ്റിലായ സുജിതിനെ പിന്നീട് ഗുണ്ടാ ആക്ടിലും ജയിലില്‍ അടച്ചിരുന്നു.

2009നവംബര്‍ 29നാണ് ദിവാകരനെ കൊലപ്പെടുത്തിയത്. കയര്‍ കോര്‍പറേഷന്റെ വീട്ടിലൊരു കയര്‍ ഉത്പന്നം പദ്ധതിയുടെ ഭാഗമായി കയര്‍ തടുക്ക് വില്‍പനയ്ക്ക് ദിവാകരന്റെ വീട്ടില്‍ ബൈജുവിന്റെ നേതൃത്വത്തില്‍ ഇവര്‍ എത്തിയെങ്കിലും മുന്‍കയര്‍ ഫാക്ടറി തൊഴിലാളിയായ ദിവാകരന്‍ തടുക്കിന്റെ വില കൂടുതലാണെന്ന കാരണത്താല്‍ വാങ്ങുവാന്‍ തയാറായില്ല.എന്നാല്‍ തടുക്ക് കൊണ്ടുവന്നവര്‍ നിര്‍ബന്ധപൂര്‍വം ഇവിടെ വച്ചിട്ട് പോയി.അന്ന് ഉച്ചയ്ക്ക്‌ശേഷം നടന്ന വാര്‍ഡ് സഭയില്‍ ദിവാകരന്റെ മകന്‍ ദിലീപ് വിഷയം ഉന്നയിച്ചിക്കുകയും തര്‍ക്കങ്ങള്‍ക്ക് ഇടയാവുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ രാത്രി വീടാക്രമിക്കുകയായിരുന്നുവെന്നായിരുന്നു കേസ്.

അക്രമികള്‍ ദിവാകരനെയും തടയാന്‍ ശ്രമിച്ച ദിലീപിനെയും ഭാര്യ രശ്മിയെയും ആക്രമിച്ചിരുന്നു. അക്രമം തടയുന്നതിനിടെ ദിവാകരന്റെ തലയ്ക്കാണ് അടിയേറ്റത്. ചേര്‍ത്തല ഗവ.താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും ഇവര്‍ ചികിത്സ തേടിയിരുന്നെങ്കിലും ഡിസംബര്‍ ഒന്‍പതിന് ദിവാകരന്‍ മരിക്കുകയായിരുന്നു. സിപിഎം നേതാവായ ബൈജുവിനെ തുടക്കത്തില്‍ പ്രതി ചേര്‍ത്തില്ലെങ്കിലും പിന്നീട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങളും സമരങ്ങളും നടത്തിയതിനെ തുടര്‍ന്നാണ് ആറാം പ്രതിയാക്കിയത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു ബൈജുവിനെ സിപിഎം നീക്കുകയും ചെയ്തിരുന്നു.