ജോലി സമയത്ത് ബാത്ത്‌റൂമില്‍ പോകാന്‍ പേടിയാണ്, ആ സമയ നഷ്ടം കമ്പനിയെ ബാധിക്കും എന്ന കടുംപിടുത്തമാണ്: ആമസോണ്‍ ജീവനക്കാരുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

April 21, 2018 0 By Editor

ലോകത്തെ പ്രധാന ഇകൊമേഴ്‌സ് സ്ഥാപനമായ ആമോണിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ലണ്ടനിലെ ആമസോണ്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുടെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഹയേര്‍ഡ്: സിക്‌സ് മത്‌സ് അണ്‍ഡര്‍കവര്‍ ഇന്‍ ലോ വേജ് ബ്രിട്ടന്‍ (hired: six mo0nths undercover in low wage britain) എന്ന പുസ്തകത്തിലൂടെ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ജോലിഭാരം കാരണം മൂത്രമൊഴിക്കാനുള്ള ഇടവേളയെടുക്കാന്‍ പോലും ജീവനകാര്‍ക്ക് ഭയമാണെന്നാണ് ഇതില്‍ പറയുന്നത്.

എഴുത്തുകാരനായ ജെയിംസ് ബ്ലഡ്വേര്‍ത്ത് എന്നയാളാണ് ആറുമാസം ബ്രിട്ടനിലെ ഏറ്റവും കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കിടയില്‍ സേവനം ചെയ്തതിന്റെ അനുഭവങ്ങള്‍ തുറന്നു കാട്ടിയിരിക്കുന്നത്. ഇത്തരം ആരോപണങ്ങള്‍ കേട്ടതിനു ശേഷം അതിന്റെ സത്യാവസ്ഥ അറിയാനായി താന്‍ നടത്തിയ ആറുമാസത്തെ പരിശ്രമമെന്ന നിലയിലാണ് പുസ്തകം എഴുതിയിരിക്കുന്നത്. ബ്രിട്ടണിലെ സ്ട്രാറ്റ്‌ഫെഡ്ഷയറിലുള്ള ആമസോണിന്റെ വെയര്‍ഹൗസില്‍ സാധനങ്ങള്‍ ചുമന്നു മാറ്റുന്ന ജോലിക്കാര്‍ മൂത്രമൊഴിക്കുന്നത് കുപ്പികളിലാണെന്നാണ് അദ്ദേഹം പറയുന്നത്. ടോയ്‌ലറ്റ് കുറച്ചു ദൂരെയാണ് എന്നതാണ് കാരണം. ആമസോണ്‍ വെയര്‍ഹൗസ് ഒരു ജയിലിനെപ്പോലെ തോന്നിച്ചുവെന്നും അദ്ദേഹം പറയുന്നു.

സ്ഥാപനത്തിനുള്ളിലേക്ക് ജോലിക്കാര്‍ക്ക് ഫോണുകളോ, സണ്‍ഗ്ലാസുകളോ, പൊടിയടിക്കാതിരിക്കാനുള്ള പ്രതിരോധമോ ഒന്നും ഉപയോഗിക്കാന്‍ അനുവാദമില്ല. എന്നാല്‍ ഈ ആരോപണങ്ങള്‍ ആമസോണ്‍ നിഷേധിച്ചു. ഇക്കാര്യങ്ങളൊന്നും തങ്ങളുടെ സ്ഥാപനത്തില്‍ നടക്കുന്നില്ലെന്നാണ് ആമസോണ്‍ അധികൃതര്‍ പറയുന്നത്.

നേരത്തെയും ആമസോണ്‍ പോലെയുള്ള കമ്പനികളില്‍ നടക്കുന്ന ഇത്തരം കാര്യങ്ങള്‍ വെളിപ്പെട്ടിട്ടുണ്ട്. ജോലിക്കാരുടെ അവകാശത്തിനായി തുടങ്ങിയ സംഘടനയായ ‘ഓര്‍ഗനൈസ്’ നടത്തിയ പഠനം പറയുന്നതും 74 ശതമാനം പണിക്കാരും ടോയ്‌ലെറ്റ് ഉപയോഗിക്കാന്‍ പോകാന്‍ പേടിക്കുന്നവരാണെന്നാണ് പറയുന്നത്. ആ സമയ നഷ്ടം കമ്പനിയെ ബാധിക്കും എന്ന കടുംപിടുത്തം തന്നെ കാരണം. ആമസോണിലെ ജോലിക്കാരില്‍ 80 ശതമാനവും പറഞ്ഞത് തങ്ങള്‍ ഇനി ആമസോണില്‍ പണിയെടുക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നുമാണ്. 2017ല്‍ പുറത്തിറങ്ങിയ റിപ്പോര്‍ട്ട് പ്രകാരം മണിക്കൂറിന് 12 ഡോളറാണു ആമസോണ്‍ നല്‍കുന്ന വേതനം.