ഒരു മാസത്തിനിടെ ജപ്പാനില്‍ പ്രകൃതി ദുരന്തങ്ങളില്‍ മരിച്ചവരുടെ എണ്ണം 300ആയി

ഒരു മാസത്തിനിടെ ജപ്പാനില്‍ പ്രകൃതി ദുരന്തങ്ങളില്‍ മരിച്ചവരുടെ എണ്ണം 300ആയി

July 31, 2018 0 By Editor

ടോക്കിയോ: ജപ്പാനിലെ മോശപ്പെട്ട കാലാവസ്ഥയിലും പ്രകൃതി ദുരന്തങ്ങളിലും ജൂലൈ മാസത്തില്‍ മരിച്ചവരുടെ മരണസംഖ്യ 300ആയി. ജൂലൈ മാസത്തില്‍ റെക്കോഡ് മഴയായിരുന്നു ജപ്പാനില്‍ രേഖപ്പെടുത്തിയത്.ജപ്പാനിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 220 പേര്‍ മരിക്കുകയും, 9 പേരെ കാണാതാവുകയും ചെയ്തിരുന്നതായി പ്രകൃതി ദുരന്ത നിവാരണ സേന വ്യക്തമാക്കി. മഴയ്ക്ക് ശേഷം 40 ഡിഗ്രി സെന്റിഗ്രേഡ് ചൂടായിരുന്നു ജപ്പാനിലുണ്ടായത്. ഏകദേശം 116 പേരാണ് കൊടും ചൂടില്‍ മരണമടഞ്ഞത്. ഭൂകമ്പങ്ങളും, അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങളും, രാജ്യത്ത് നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ലോകത്തിലെ സമ്പന്ന രാജ്യമായ ജപ്പാനില്‍ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ സാങ്കേതിക വിദ്യ ഒരു പരിധി വരെ ഗുണമായിട്ടുണ്ട്.

ജൂലൈ ആദ്യ ആഴ്ചയിലുണ്ടായ മഴ ജപ്പാന്റെ ചരിത്രത്തിലെ തന്നെ ആദ്യമഴയാണ്. 1982 ന് ശേഷം ആദ്യമായിട്ടാണ് മരണസംഖ്യ കൂടിയതെന്ന് നിക്കോണ്‍ ഡോട്ട്‌കോം എന്ന വെബ്‌സൈറ്റ് വ്യക്തമാക്കി. 2014 ല്‍ ഹിരോഷിമയിലുണ്ടായ മണ്ണിടിച്ചിലില്‍ 77 പേരാണ് മരിച്ചത്. ഒക്യാമ പ്രവിശ്യയിലും വെള്ളപ്പൊക്ക ഭീഷണി നേരിട്ടിരുന്നു.

മഴയുടെ ഭീഷണി കഴിഞ്ഞതിന് ശേഷം കൊടും ചൂടാണ് ജപ്പാനില്‍ ഉണ്ടായിരുന്നത്. ചൂട് മൂലം നിരവധിയാളുകളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂലൈ രണ്ടാം ആഴ്ചയില്‍ തന്നെ 10000 ആളുകളെയും, അവസാന ആഴ്ച ആയപ്പോള്‍ 22,000 ആളുകളെയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഫയര്‍ ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജമെന്റ് വ്യക്തമാക്കി.