അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമായി യാത്ര ചെയ്യാം: ‘സ്ത്രീ ടാക്‌സി’ സര്‍വീസ് ആരംഭിച്ചു

August 2, 2018 0 By Editor

തിരൂര്‍: അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി എത്തിക്കാന്‍ ഇനി വിളിപ്പുറത്ത് ‘സ്ത്രീ ടാക്‌സി ‘ ഉണ്ടാകും. തിരൂര്‍ ജില്ലാ ആശുപത്രിയുമായി സഹകരിച്ചാണ് ‘സ്ത്രീ ടാക്‌സി ‘ പദ്ധതിക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ തുടക്കം കുറിച്ചിരിക്കുന്നത്. ഇന്നലെ മുതല്‍ വാഹനം ഓടിത്തുടങ്ങി. രണ്ട് വനിതാ ഡ്രൈവര്‍മാരും സദാസമയം വാഹനത്തിലുണ്ടാകും.

18 വര്‍ഷമായി ഡ്രൈവിംഗ് രംഗത്തുള്ള തിരൂര്‍ കോരങ്ങത്ത് സ്വദേശി ചുങ്കത്ത് റഹ്മത്ത്, കോട്ടക്കല്‍ സ്വദേശി ഗീത പിലാക്കല്‍ എന്നിവരാണ് ‘സ്ത്രീ ടാക്‌സി ‘വാഹനത്തിലെ ഡ്രൈവര്‍മാര്‍. ഇരുവവരും ട്രോമാകെയര്‍ വോളണ്ടിയര്‍മാരും കുടുംബശ്രീ പ്രവര്‍ത്തകരുമാണ്. ജില്ലാ ആശുപത്രിയാണ് ഇവര്‍ക്ക് ശന്പളം നല്‍കുക. ജില്ലാ ആശുപത്രിയില്‍ പ്രസവത്തിനെത്തുന്നവരെ, പ്രസവാനന്തരം അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി വീടുകളിലെത്തിക്കുന്നതാണ് ‘സ്ത്രീ ടാക്‌സി പദ്ധതി. പ്രസവശേഷം എത്തിക്കേണ്ടവരുടെ വിവരണം ആശുപത്രി അധികൃതര്‍ മുന്‍കൂട്ടി വനിതാ ഡ്രൈവര്‍മാരെ അറിയിക്കും. ആദ്യ ഘട്ടത്തില്‍ ഒരു വാഹനമാണുള്ളത്.

ഉടനെ ഒരു കാര്‍ കൂടി ‘സ്ത്രീ ടാക്‌സി’യായി നിരത്തിലിറക്കാന്‍ കുടുംബശ്രീക്ക് പദ്ധതിയുണ്ട്. പദ്ധതി വിജയകരമാകുന്നതോടെ മറ്റു ജില്ലകളിലേക്കും ‘സ്ത്രീ ടാക്‌സി’ വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 11ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിക്കും.