ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ 12 മണിയ്ക്ക് തുറക്കും

ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ 12 മണിയ്ക്ക് തുറക്കും

August 9, 2018 0 By Editor

തിരുവനന്തപുരം: ഇടുക്കി ഡാമില്‍ ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ട്രയല്‍ റണ്‍ നടത്തുന്നത്. ഡാമിന്റെ അഞ്ച് ഷട്ടറുകളില്‍ മൂന്നാം നമ്പര്‍ ഷട്ടറാണ് തുറക്കുന്നത്. ഷട്ടര്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്തിയാണ് ട്രയല്‍ റണ്‍ നടത്തുന്നത്. ഇതിലൂടെ സെക്കന്റില്‍ 50,000 ലിറ്റര്‍ ജലം ഒഴുക്കിക്കളയാനാണ് തീരുമാനം.

12 മണി മുതല്‍ വൈകിട്ട് നാല് മണിവരെ നാല് മണിക്കൂറോളം ഷട്ടര്‍ തുറന്ന് വയ്ക്കും. കനത്ത മഴ തുടരുന്നതും ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതും കണക്കിലെടുത്താണ് ട്രയല്‍ റണ്‍ നടത്താന്‍ ധാരണയായത്.

ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ട്രയല്‍ റണ്‍ നടത്തുന്നത് കണക്കിലെടുത്ത് ജാഗ്രതാ നിര്‍ദേശം നല്‍കാന്‍ കെഎസ്ഇബി ഇടുക്കി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പെരിയാറിന്റെ 100 മീറ്റര്‍ പരിധിയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇടുക്കി ഡാമിന്റെ പരമാവധി സംഭരണശേഷി 2,403 അടിയാണ്. നിലവിലെ ജലനിരപ്പ് 2,398.81 ആണ്. ജലനിരപ്പ് 2,397 അടിയാകുമ്പോള്‍ ട്രയല്‍ റണ്‍ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇടയ്ക്ക് മഴ കുറയുകയും ജലനിരപ്പ് ചെറിയതോതില്‍ താഴുകയും ചെയ്തതോടെ ട്രയല്‍ റണ്ണിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി സംസ്ഥാനം വീണ്ടും കനത്തമഴയില്‍ മുങ്ങി. ഇടുക്കിയിലും ശക്തമായ മഴയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പെയ്യുന്നത്. ഇതോടെ നിരൊഴുക്ക് വര്‍ധിക്കുകയും ഡാമിലെ ജലനിരപ്പ് വളരെപ്പെട്ടെന്ന് ഉയരുകയുമായിരുന്നു.

കൂടാതെ ഇടമലയാര്‍ ഡാം അതിന്റെ പരമാവധി ശേഷിയിലെത്തിക്കഴിഞ്ഞതോടെ ഡാമിന്റെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ അഞ്ച് മണിക്കാണ് ഷട്ടറുകള്‍ തുറന്നത്. സെക്കന്റില്‍ 600 ഘനയടി വെള്ളമാണ് ഒഴിക്കിക്കളയുന്നത്. എന്നിട്ടും ഡാമിലെ ജലനിരപ്പില്‍ കാര്യമായ കുറവ് വന്നിട്ടില്ല. അതിനാല്‍ ഒഴുക്കുന്ന വെള്ളത്തിന്റെ അളവില്‍ വര്‍ധന വരുത്താനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.