പ്രളയദുരിതങ്ങള്‍ കാണാനെത്തി: എംഎല്‍എയും മാധ്യമപ്രവര്‍ത്തകരും വെള്ളക്കെട്ടില്‍ കുടുങ്ങി

പ്രളയദുരിതങ്ങള്‍ കാണാനെത്തി: എംഎല്‍എയും മാധ്യമപ്രവര്‍ത്തകരും വെള്ളക്കെട്ടില്‍ കുടുങ്ങി

August 13, 2018 0 By Editor

കൊച്ചി: പ്രളയദുരിതം നേരിട്ട് കാണാനെത്തിയ എംഎല്‍എ വെള്ളക്കെട്ടില്‍ കുടുങ്ങി. മണികണ്ഠന്‍ചാല്‍ വനമേഖലയിലെ പ്രളയദുരിതങ്ങള്‍ നേരിട്ട് കാണാനും, വനമേഖലയിലെ കുടുംബങ്ങള്‍ക്ക് സഹായം വിതരണം ചെയ്യാനുമെത്തിയ ആന്റണി ജോണ്‍ എംഎല്‍എയും സംഘവും ആണ് കുടുങ്ങിയത്. എംഎല്‍എയും മാധ്യമപ്രവര്‍ത്തകരും സംഘവും വനാതിര്‍ത്തിയില്‍ ചപ്പാത്തില്‍ വെള്ളം നിറഞ്ഞതോടെ കുടുങ്ങുകയായിരുന്നു.

ചപ്പാത്തിലെ വെള്ളം ഇറങ്ങാന്‍ ഒരു മണിക്കൂറോളം കാത്തുനിന്ന എംഎല്‍എ പിന്നീടു വെള്ളം കുത്തിയൊഴുകിയിരുന്ന ചപ്പാത്തിലൂടെ നടന്നാണു മറുകര കടന്നത്. ഇന്നലെ രാവിലെ ഒന്‍പതരയോടെ ജീപ്പിലാണ് എംഎല്‍എയും സംഘവും കടന്നു പോയത്. ഈ സമയത്ത് ചപ്പാത്തില്‍ വെള്ളം കുറവായിരുന്നു. എന്നാല്‍ അരി വിതരണം കഴിഞ്ഞു പത്തരയോടെ കടവില്‍ മടങ്ങിയെത്തിയപ്പോഴാണ് ചപ്പാത്തില്‍ വെള്ളം കയറി ഗതാഗതം സ്തംഭിച്ചത് അറിയുന്നത്.

പിന്നീട് പുഴയിലെ ഒഴുക്കിനെ അതിജീവിച്ച് എംഎല്‍എ നാട്ടുകാരോടൊപ്പം ചപ്പാത്തിലൂടെ നടന്നു മറുകര കടക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പലപ്പോഴായി ഒരു മാസത്തോളമാണ് മണികണ്ഠന്‍ ചാല്‍ പ്രദേശം വെള്ളപ്പൊക്കം മൂലം ഒറ്റപ്പെട്ടുപോയത്.