ജലസ്രോതസുകളെല്ലാം മലിനമായി: ശുദ്ധജല ക്ഷാമം അതിരൂക്ഷം

ജലസ്രോതസുകളെല്ലാം മലിനമായി: ശുദ്ധജല ക്ഷാമം അതിരൂക്ഷം

August 20, 2018 0 By Editor

ഫറോക്ക്: വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിലെല്ലാം ശുദ്ധജല ക്ഷാമം അതിരൂക്ഷം. ദുരിതാശ്വാസ ക്യാംപുകള്‍ വിട്ടു വീടുകളിലേക്കു തിരിച്ചെത്തിയവര്‍ക്കു കുടിയ്ക്കാന്‍ തുള്ളിവെള്ളമില്ലാത്ത സ്ഥിതി. ചെളിയും മാലിന്യവും നിറഞ്ഞ വീടുകള്‍ കഴുകി വൃത്തിയാക്കാന്‍ പോലും വെള്ളം കിട്ടാതെ കുടുംബങ്ങള്‍ വലഞ്ഞു. വെള്ളം കയറി ജലസ്രോതസുകള്‍ മലിനപ്പെട്ടതാണ് ക്ഷാമം രൂക്ഷമാക്കിയത്.

താഴ്ന്ന പ്രദേശങ്ങളില്‍ പല വീടുകളിലും കിണറിനെക്കാള്‍ ഉയരത്തില്‍ വെള്ളം പൊങ്ങിയിരുന്നു. ഇന്നലെ രാവിലെയാണ് പ്രളയബാധിതര്‍ വീട്ടിലേക്കു പോയിത്തുടങ്ങിയത്. വീടിനകത്തും മുറ്റത്തും ചെളി നിറഞ്ഞ് അകത്തു കയറാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു. അപകട സാധ്യത മുന്നില്‍ കണ്ടു വൈദ്യുതി വിച്ഛേദിച്ചതു പലയിടത്തും പ്രാദേശിക ജലപദ്ധതികളില്‍ പമ്പിങ് തടസ്സപ്പെടുത്തി.

രാമനാട്ടുകര നഗരസഭയിലെ എരുവത്ത്താഴം, മൂര്‍ക്കനാട്, കോടമ്പുഴ, ഫറോക്കിലെ മങ്കുഴിപ്പൊറ്റ, ചെറാഞ്ചേരി താഴം, നല്ലൂരങ്ങാടി പുളിക്കല്‍തറ, കുറ്റിപ്പടി, തണ്ണിച്ചാല്‍, പെരുമുഖം മലയില്‍ താഴം, ചെറുവണ്ണൂര്‍ കരിമ്പാടം, ആമാംകുനി, നല്ലളം തോട്ടാകുനി, ആശാരിക്കടവ് തുടങ്ങിയ സ്ഥലങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി.

കിണറുകളും മറ്റു ജലസ്രോതസുകുളും ക്ലോറിനേഷന്‍ നടത്തി അണുവിമുക്തമാക്കുന്ന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ രാവിലെ മുതല്‍ പലയിടത്തും ജലവിതരണം ആരംഭിച്ചു. പുളിക്കല്‍തറ, കുറ്റിപ്പടി, ചെമ്മീന്‍പാടം ഭാഗങ്ങളില്‍ കല്ലംപാറ ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നേതൃത്വത്തില്‍ ടാങ്കര്‍ ലോറിയില്‍ വെള്ളമെത്തിച്ചു വിതരണം ചെയ്തു.

കോടമ്പുഴ കൊയ്ത്തലപ്പാടത്ത് കോടമ്പുഴ മേഖലാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി കന്നാസുകളില്‍ ജലം എത്തിച്ചു നല്‍കി. ചെറുവണ്ണൂരില്‍ ബേപ്പൂര്‍ മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് നേതൃത്വത്തിലായിരുന്നു ജലവിതരണം. ആമാംകുനി വയല്‍, വെള്ളിലവയല്‍, മുണ്ട്യാര്‍ വയല്‍, കീഴുവനപ്പാടം പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് ഏറെ ആശ്വാസമായി.