പ്രളയക്കെടുതിയില്‍ നവജാത ശിശുകള്‍ മുതലുള്ള കുട്ടികള്‍ക്ക് കാവലായി സംസ്ഥാനത്തെ ഏക ‘കുട്ടിക്ക്യാംപ്’

പ്രളയക്കെടുതിയില്‍ നവജാത ശിശുകള്‍ മുതലുള്ള കുട്ടികള്‍ക്ക് കാവലായി സംസ്ഥാനത്തെ ഏക ‘കുട്ടിക്ക്യാംപ്’

August 21, 2018 0 By Editor

മലപ്പുറം: പതഞ്ഞൊഴുകി വന്ന കടലുണ്ടിപ്പുഴയുടെ വെള്ളപ്പാച്ചിലില്‍നിന്ന് മതില്‍ചാടിക്കടന്നും ഊടുവഴിയിലൂടെ പാഞ്ഞും രക്ഷാപ്രവര്‍ത്തകര്‍ കാത്തത് 26 കുഞ്ഞുങ്ങളെ. ജില്ലാ പഞ്ചായത്ത് കാര്യാലയം അവര്‍ക്കുവേണ്ടി ദുരിതാശ്വാസ ക്യാംപ് ആയി. ഒരുപക്ഷേ, സംസ്ഥാനത്തെ ഒരേയൊരു ‘കുട്ടിക്ക്യാംപ്’. പ്രളയത്തില്‍ വെള്ളം കയറിയ മലപ്പുറം മൈലപ്പുറത്തെ ശിശുപരിചരണ – ദത്തെടുക്കല്‍ കേന്ദ്രത്തിലെ കുട്ടികളാണ് ക്യാംപിലുള്ളത്. നവജാത ശിശുക്കള്‍ മുതല്‍ ആറുവയസ്സുവരെ പ്രായമുള്ളവര്‍.

ആശുപത്രിയില്‍ ഉപേക്ഷിക്കപ്പെട്ട നാലുദിവസം മാത്രം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞ ദിവസം ക്യാംപില്‍ അവര്‍ക്കൊപ്പം ചേര്‍ന്നു. 16ന് രാത്രി കടലുണ്ടിപ്പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം ലഭിച്ചിരുന്നു. ഭിന്നശേഷിയുള്ള ഏഴു പേര്‍ ഉള്‍പ്പെടെ 26 കുഞ്ഞുങ്ങളുമായി സുരക്ഷിതസ്ഥാനത്തേക്കു നീങ്ങുക എളുപ്പമായിരുന്നില്ല. ഒന്നാംനിലയിലാണ് കുട്ടികളെ താമസിപ്പിച്ചിരുന്നത്. റോഡും വീടുകളും കടന്ന് പുഴ കരയിലേക്കു വളരുന്ന കാഴ്ചയായിരുന്നു രാവിലെ.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ജീവനക്കാരുംകൂടി, കേന്ദ്രത്തിനു പിന്നിലെ വീടുകളുടെ വലിയ മതിലുകള്‍ വലിഞ്ഞുകയറി, കുട്ടികളെ ഓരോരുത്തരെയായി പുറത്തെത്തിച്ചു. വൃത്തിയും സുരക്ഷിതത്വവും സ്വകാര്യതയുമുള്ള സ്ഥലം വേണമെന്നറിയിച്ചപ്പോള്‍ ജില്ലാ പഞ്ചായത്തിന്റെ പുത്തന്‍ സമ്മേളനഹാള്‍ ഉള്‍പ്പെടെ നാലാംനില വിട്ടുകൊടുത്തു. മിനിഹാള്‍ അടുക്കളയായി. എല്‍പിജി സിലിണ്ടറും തൊട്ടിലുകളും റവന്യു വകുപ്പ് എത്തിച്ചു. ബേബി ഫുഡും വസ്ത്രങ്ങളും കിടക്കകളും സംഭാവനയായി ലഭിച്ചു. 11 ‘അമ്മമാരും’ ഒന്‍പത് ഓഫിസ് ഉദ്യോഗസ്ഥരുമാണ് സംസ്ഥാന ശിശുക്ഷേമ സമിതിക്കു കീഴിലെ ദത്തെടുക്കല്‍ കേന്ദ്രത്തിലുള്ളത്.