സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുന്നതിനോടൊപ്പം വീഴ്ച്ചകളെ നിരന്തരം ചൂണ്ടിക്കാണിക്കും: രമേശ് ചെന്നിത്തല

സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുന്നതിനോടൊപ്പം വീഴ്ച്ചകളെ നിരന്തരം ചൂണ്ടിക്കാണിക്കും: രമേശ് ചെന്നിത്തല

August 31, 2018 0 By Editor

തിരുവനന്തപുരം: സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുന്നതിനോടൊപ്പം വീഴ്ച്ചകളെ നിരന്തരം ചൂണ്ടിക്കാണിച്ച് കൊണ്ടേയിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഓഖി ദുരന്തത്തില്‍ ലഭിച്ച തുക ഉപയോഗിച്ചുള്ള പദ്ധതികള്‍ പരിശോധിച്ച് വരുന്നു എന്ന പല്ലവിയാണ് പത്തുമാസം ആകുമ്പോഴും കേള്‍ക്കുന്നതെന്നും, ഇത്തരം ഒരു വീഴ്ച ഇനി ഉണ്ടാകാന്‍ പാടില്ലെന്നും ചെന്നിത്തല ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആരും ആവശ്യപ്പെടുന്നതിന് മുന്‍പേ ഒരു മാസത്തെ ശമ്പളം നല്‍കിയത് ഞാനാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുത് എന്ന സോഷ്യല്‍ മീഡിയ കാമ്പയിന്‍ തള്ളിക്കളയണം എന്നും ഫേസ്ബുക്കില്‍ എഴുതിയത് ഓര്‍ക്കുമല്ലോ. ദുരിത ബാധിതരെ സഹായിക്കാന്‍, വേദനയെ മറികടക്കാന്‍ സര്‍ക്കാരിന് പ്രതിപക്ഷം പിന്തുണ നല്‍കുന്ന കാര്യം നിങ്ങള്‍ക്ക് അറിയാം. ഇതോടൊപ്പം സര്‍ക്കാരിന്റെ വീഴ്ചകളെ നിരന്തരം ചൂണ്ടിക്കാണിച്ചു കൊണ്ടേയിരിക്കും. വിമര്‍ശനങ്ങളോട് അസഹിഷ്ണുക്കളായിട്ട് കാര്യമില്ല.ജനങ്ങളുടെ വിയര്‍പ്പില്‍ നിന്നും ഒരു ഓഹരിയാണ് കേരളത്തിന്റെ വീണ്ടെടുപ്പിനായി മാറ്റിവയ്ക്കുന്നത്.സംഭാവനയായി ലഭിക്കുന്ന കോടികള്‍ മുതല്‍ നാണയത്തുട്ട് വരെ പ്രത്യേക ഹെഡിലേക്കു മാറ്റണം. ഓഖി ദുരന്തത്തില്‍ ലഭിച്ച തുക ഉപയോഗിച്ചുള്ള പദ്ധതികള്‍ `പരിശോധിച്ച് വരുന്നു`എന്ന പല്ലവിയാണ് പത്തുമാസം ആകുമ്പോഴും കേള്‍ക്കുന്നത്. ഇത്തരം ഒരു വീഴ്ച ഇനി ഉണ്ടാകാന്‍ പാടില്ല.