328 ഫിക്‌സഡ് ഡോസ് കോംബിനേഷന്‍ മരുന്നുകള്‍: ആരോഗ്യ മന്ത്രാലയം നിരോധിച്ചു

328 ഫിക്‌സഡ് ഡോസ് കോംബിനേഷന്‍ മരുന്നുകള്‍: ആരോഗ്യ മന്ത്രാലയം നിരോധിച്ചു

September 13, 2018 0 By Editor

കോട്ടയം: 328 ഫിക്‌സഡ് ഡോസ് കോംബിനേഷന്‍ മരുന്നുകളുടെ ഉല്‍പാദനവും വില്‍പ്പനയും ആരോഗ്യമന്ത്രാലയം നിരോധിച്ചു.ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നു കണ്ടെത്തിയതിനാലാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
343 ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ നിരോധിച്ച ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനത്തെ പിന്തുണച്ചുകൊണ്ട് ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡും (ഡിടിഎബി) ആരോഗ്യമന്ത്രാലത്തിനു റിപ്പോര്‍ട്ടു നില്‍കിയിരുന്നു. എന്നാല്‍ ചില കമ്പനികള്‍ സുപ്രീം കോടതിയെ സമീപിച്ചതോടെ 15 മരുന്നുകളെ പട്ടികയില്‍ നിന്നൊഴിവാക്കിയിരുന്നു. ചുമയ്ക്കുള്ള അലക്‌സ് സിറപ്പ്, അല്‍കോം സിറപ്പ്, അസ്‌കോറില്‍ ഡി, കോറക്‌സ് സിറപ്പ്, ആന്റിബയോട്ടിക്കുകളായ അസിത്രാള്‍ എ ടാബ്, ബ്ലൂമോക്‌സ് ഡിഎക്‌സ്എല്‍ ക്യാപ്‌സൂള്‍, വേദനസംഹാരി ഡൈക്ലോറാന്‍ ഇന്‍ജക്ഷന്‍, പ്രമേഹത്തിനുള്ള ഗ്ലൈസിഫേജ്, ആന്റിബയോട്ടിക്കായ പള്‍മോസെഫ് എന്നിവ ഉള്‍പ്പെടെയുള്ള 328 മരുന്നുകളാണു നിരോധിച്ചത്.

രണ്ടോ മൂന്നോ രോഗങ്ങള്‍ക്കുള്ള വ്യത്യസ്ത മരുന്നു മൂലകങ്ങള്‍ പ്രത്യേക അളവില്‍ ചേര്‍ത്തു തയാറാക്കുന്ന ഔഷധമാണു ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍. നിരോധിക്കപ്പെട്ട മരുന്നു കൂട്ടുകള്‍ അശാസ്ത്രീയമായി ചേര്‍ത്ത് ഉല്‍പാദിപ്പിച്ചവയാണെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണു നടപടി. ഇതോടെ സംസ്ഥാനത്തു മാത്രം മൂവായിരത്തോളം ബ്രാന്‍ഡഡ് മരുന്നുകള്‍ ഇനി വിപണിയിലുണ്ടാവില്ല. ശരാശരി 350 കോടിയിലേറെ രൂപയുടെ വില്‍പനയാണു കേരളത്തില്‍ നടന്നിരുന്നത്.