ഭയവും വെറുപ്പും ഉപയോഗിച്ച് അധികാരം നിലനിര്‍ത്താനാണ് മോദി ശ്രമിക്കുന്നത്: രാഹുല്‍ ഗാന്ധി

July 19, 2018 0 By Editor

ന്യൂഡല്‍ഹി : ഭയവും വെറുപ്പും ഉപയോഗിച്ച് അധികാരം നിലനിര്‍ത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്വാമി അഗ്‌നിവേഷിനെതിരെ കഴിഞ്ഞ ദിവസം നടന്ന അക്രമണത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അഗ്‌നിവേശിനെതിരായ ആക്രമണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്നും അദ്ദേഹത്തിന്റെ മുന്‍പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ ഈ പ്രതികരണത്തില്‍ അത്ഭുതപ്പെടാനില്ലെന്നുമായിരുന്നു ബി.ജെ.പിയുടെ അഭിപ്രായം. ഇതിനെതിരെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

ഝാര്‍ഖണ്ഡിലെ റാഞ്ചിക്ക് സമീപം വച്ച് ചൊവ്വാഴ്ചയാണ് സ്വാമി അഗ്‌നിവേശിന് നേരെ ആക്രമണം ഉണ്ടായത്. ജയ് ശ്രീറാം വിളികളോടെ ബിജെപി – യുവമോര്‍ച്ച പ്രവര്‍ത്തകരാണ് ആക്രമിച്ചകതെന്നായിരുന്നു ആരോപണം. എന്നാല്‍, കരിങ്കൊടി പ്രതിഷേധം മാത്രമാണ് നിശ്ചയിച്ചിരുന്നതെന്നും മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അമിത് സിങിന്റെ പ്രതികരണം.

അഗ്‌നിവേഷിനെതിരെ നടന്ന ആക്രമണത്തില്‍ ബി ജെ പിയുടെ പ്രതികരണത്തെ കുറിച്ച് ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ആക്രമണത്തെ പിന്തുണക്കുന്ന ഭരണമുള്ളിടത്തെ ആക്രമണത്തില്‍ അദ്ഭുതപ്പെടാനില്ലെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അക്രമികള്‍ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ഗുണ്ടകളാണെന്നും അവര്‍ക്ക് നിയമത്തെ ഭയമില്ലെന്നും ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് പ്രതികരിച്ചു. സംഭവത്തില്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.