പ്രണയിച്ച് വിവാഹിതരായ വിദ്യാര്‍ഥികളെ പറത്താക്കി: കോളേജ് അധികൃതര്‍ ധാര്‍മിക രക്ഷിതാവ് ചമയേണ്ടെന്ന് കോടതി

പ്രണയിച്ച് വിവാഹിതരായ വിദ്യാര്‍ഥികളെ പറത്താക്കി: കോളേജ് അധികൃതര്‍ ധാര്‍മിക രക്ഷിതാവ് ചമയേണ്ടെന്ന് കോടതി

July 22, 2018 0 By Editor

കൊച്ചി: പ്രണയിച്ച് വിവാഹിതരായ വിദ്യാര്‍ഥികളെ കോളേജില്‍നിന്ന് പുറത്താക്കിയ മാനേജ്‌മെന്റ്് നടപടി ഹൈകോടതി റദ്ദാക്കി. കോളജ് അധികൃതര്‍ ധാര്‍മിക രക്ഷിതാവ് ചമയേണ്ടെന്ന നിര്‍ദേശത്തോടെയാണ് ഉത്തരവ്. പ്രേമിച്ച് ഒളിച്ചോടി വിവാഹം കഴിച്ചതിനെത്തുടര്‍ന്ന് പുറത്താക്കിയ വര്‍ക്കല ചാവര്‍കോട് സി.എച്ച്.എം.എം കോളജ് ഒഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ബി.ബി.എ വിദ്യാര്‍ഥിനി മാളവികയും ഭര്‍ത്താവായ സീനിയര്‍ വിദ്യാര്‍ഥി വൈശാഖും നല്‍കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ച് വിധി. 2016 17ല്‍ ബി.ബി.എക്ക് ചേര്‍ന്ന മാളവിക വൈശാഖുമായി പ്രണയത്തിലായി. വീട്ടുകാരുടെയും കോളേജ് അധികൃതരുടെയും എതിര്‍പ്പ് അവഗണിച്ച് ഒളിച്ചോടി വിവാഹിതരായി.

ഇത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന് വിലയിരുത്തി കോളേജ് അധികൃതര്‍ ഇവരെ പുറത്താക്കി. മാളവികക്ക് കോളജില്‍ തുടര്‍ന്ന് പഠിക്കണം. പഠനം അവസാനിപ്പിക്കാന്‍ തീരുമാനിച്ച വൈശാഖിന്‍ വിദ്യാഭ്യാസ രേഖകള്‍ കോളേജില്‍നിന്ന് വിട്ടു കിട്ടണം. പ്രണയിച്ച് ഒളിച്ചോടി കല്യാണം കഴിച്ചത് അച്ചടക്കവിരുദ്ധമായി കാണാനാവില്ലെന്ന് വ്യക്തമാക്കിയ ഹൈകോടതി ഹരജിക്കാരുടെ രണ്ട് ആവശ്യങ്ങളും അംഗീകരിച്ചു. മാളവികയുടെ ഹാജരിലുള്ള കുറവ് സര്‍വകലാശാല വകവെച്ചുനല്‍കാനും വൈശാഖിന്റെ വിദ്യാഭ്യാസ രേഖകള്‍ തിരിച്ചുനല്‍കാനും വിധിയില്‍ പറയുന്നു.

പ്രണയം മനുഷ്യസഹജമായ വികാരമാണ്. പ്രണയിച്ച് വിവാഹം കഴിക്കുന്നത് പെരുമാറ്റദൂഷ്യമായി കാണാനാവില്ല. കോളേജിന്റെ ഭരണം നിയന്ത്രിക്കുന്നവരുടെ വ്യക്തിപരമായ ധാര്‍മികമൂല്യങ്ങള്‍ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പിക്കാനുള്ള ആയുധമായി അച്ചടക്കനടപടിയെ കാണാനാവില്ല. ചിലത് ധാര്‍മികതക്ക് നിരക്കുന്നതല്ലെന്ന ചിലരുടെ നിലപാട് മറ്റ് ചിലര്‍ക്ക് യുക്തിക്ക് നിരക്കുന്നതാവില്ല. വിദ്യാഭ്യാസത്തിന്റെ നിലവാരവും ലക്ഷ്യവും ഉറപ്പാക്കാനുള്ള നടപടി മാനേജ്‌മെന്റിന്റെ അവകാശമാണ്. അതിന്റെ പേരില്‍ ധാര്‍മിക രക്ഷാകര്‍തൃത്വം വഹിക്കാന്‍ കോളേജിന് അവകാശമില്ല. പ്രണയവും ഒളിച്ചോട്ടവും ചിലര്‍ക്ക് ധാര്‍മികച്യുതിയും അച്ചടക്കലംഘനവുമാകാം. നിയമത്തില്‍ ഇത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്.

കോടതി ധാര്‍മികമൂല്യങ്ങളെ വിലയിരുത്തുകയല്ല, മറിച്ച് വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചാണ് പരിശോധിക്കുന്നത്. ജീവിതപങ്കാളിയെയും ജീവിതരീതിയും തെരഞ്ഞെടുക്കുന്നത് വ്യക്തികളുടെ വിവേചനപരമായ അധികാരമാണെന്നും കോടതി നിരീക്ഷിച്ചു.